കേബിള്‍ കമ്പനിയുടെ ഡ്രില്ലിംഗ്; പൈപ്പ് പൊട്ടി, കുടിവെള്ളം മുടങ്ങി
1588622
Tuesday, September 2, 2025 3:02 AM IST
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ ജോലികള്‍ക്കിടെ ജലഅഥോറിറ്റിയുടെ പ്രധാന പൈപ്പു ലൈന്‍ പൊട്ടി റോഡു തകര്‍ന്നു. റാന്നി ബ്ലോക്കുപടിക്കും മന്ദിരം പടിക്കും മധ്യേ പുതുച്ചിറപ്പടിയില് ഇന്നലെ ഉച്ചകഴിഞ്ഞാണ് പൈപ്പ് പൊട്ടി റോഡില്‍ കുഴികളും ഗതാഗത തടസവുമുണ്ടായത്.
റോഡിന്റെ അരികിലാണ് ഡ്രില്ലിംഗ് നടന്നിരുന്നതെങ്കിലും പ്രധാന പൈപ്പ് ലൈനില്‍ ഇതു തട്ടിയതാകാം വെള്ളം ഉയര്‍ന്ന് റോഡില്‍ കുത്തിയൊഴുകാന്‍ കാരണമായതെന്നു പറയുന്നു. റോഡിന്റെ മധ്യഭാഗം തകരുകയും ചെയ്തു. കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും ജലഅഥോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഇല്ലാതെയാണ് സ്വകാര്യ കമ്പനിയുടെ തൊഴിലാളികള്‍ കേബിള്‍ സ്ഥാപിക്കാനായി റോഡിന്റെ സൈഡില്‍ ഡ്രില്ലിംഗ് നടത്തിയത്. ഇതിനിടെ ഉണ്ടായ അശ്രദ്ധയാണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ തകരാൻ കാരണം. കെഎസ്ടിപി പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച സംസ്ഥാന പാതയിലാണ് തകര്‍ച്ച.
ഇതോടെ സംസ്ഥാന പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറി. കുഴി രൂപപ്പെട്ട സ്ഥലങ്ങളിലൂടെ വാഹനങ്ങള്‍ എത്തുന്നതൊഴിവാക്കാന്‍ പോലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും സഹായം തേടി. വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നടപടികളും താത്കാലികമായി സ്വീകരിക്കേണ്ടിവന്നു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു വാഹനങ്ങളുടെ വേഗം നിയന്ത്രിച്ച് കടത്തിവിടാനാണ് ഇപ്പോഴത്തെ നീക്കം.
ജലവിതരണവും തടസപ്പെട്ടു
പ്രധാന പൈപ്പുലൈനിലെ തകരാറു കാരണം റാന്നിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസപ്പെട്ടു. മണ്ണാരക്കുളഞ്ഞിവരെയുള്ള മേഖലയില്‍ തടസമുണ്ടാകും.
ജലവിതരണം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഡ്രില്ലിനിടെയുണ്ടായ പിഴവാണ് പൈപ്പ് തകരാന്‍ കാരണമായതെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രധാന പൈപ്പ് പുനഃസ്ഥാപിക്കേണ്ടിവരുമെന്നാണ് സൂചന. ജലഅഥോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാന പാതയുടെ നവീകരണത്തെത്തുടര്‍ന്നു ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് പൈപ്പ് ലൈനുകള്‍ പുനഃസ്ഥാപിച്ചത്. ഓണക്കാലത്ത് ജലവിതരണം തടസപ്പെടുന്നതൊഴിവാക്കാന്‍ അടിയന്തര നടപടികളുമായി ജലഅഥോറിറ്റി രംഗത്തെത്തിയിട്ടുണ്ട്.
സ്വകാര്യ കമ്പനിയുടെ അനാസ്ഥ; നടപടി വേണമെന്ന് എംഎല്‍എ
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ റോഡിനു നാശനഷ്ടം ഉണ്ടാക്കിയ സ്വകാര്യ കമ്പനിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മന്ദിരം പടിക്കു സമീപം റോഡിന്റെ മധ്യഭാഗം ഇടിഞ്ഞു താഴാന്‍ കാരണമായത് സ്വകാര്യ കമ്പനിയുടെ അശാസ്ത്രീയമായ നിര്‍മാണം മൂലമെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. കെഎസ്ടിപി ചീഫ് എന്‍ജിനിയർ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയതായും പ്രമോദ് നാരായണ്‍ പറഞ്ഞു.
കെഎസ്ടിപി ഉദ്യോഗസ്ഥരുടെയും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഇല്ലാതെ റോഡില്‍ പണി നടത്തിയത് സ്വകാര്യ കമ്പനിയുടെ ഗുരുതരമായ അനാസ്ഥയാണ്. നാശനഷ്ടം ബന്ധപ്പെട്ട കമ്പനിയില്‍നിന്ന് ഈടാക്കണം. തുടര്‍ പ്രവൃത്തികള്‍ കെഎസ്ടിപി, ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താവൂ. തടസപ്പെട്ട കുടിവെള്ള വിതരണം അതിവേഗം പുനഃസഥാപിക്കാൻ നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. റോഡ് അതിവേഗം പൂര്‍വസ്ഥിതിയിലാക്കാൻ നടപടിയെടുക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്കി.