സമൂഹമാധ്യമങ്ങൾ എല്ലാ മേഖലയെയും കീഴ്പ്പെടുത്തുന്നു: സ്പീക്കർ
1588346
Monday, September 1, 2025 2:32 AM IST
കോന്നി: സമൂഹമാധ്യമ കാലഘട്ടത്തിലൂടെ ജീവിക്കുന്ന നമ്മൾ അറിയാതെതന്നെ റീൽസുകൾക്കു പിന്നാലെ നീങ്ങുകയാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കോന്നി കരിയാട്ടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെടലിന്റെ കാലഘട്ടത്തിൽ കരിയാട്ടംപോലെയുള്ള കൂടിച്ചേരലുകൾ കാലഘട്ടത്തിന് ആവശ്യമാണെന്നും സ്പീക്കർ പറഞ്ഞു. യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കെ.യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
വിശിഷ്ടാതിഥികളായി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരിദാസ് ഇടത്തിട്ട, എസ്എൻഡിപി യൂണിയൻ സെക്രട്ടറി അനിൽകുമാർ, അബ്ദുൾ റസാഖ് മൗലവി, രാജുഏബ്രഹാം എക്സ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മണിയമ്മ, കാർട്ടൂണിസ്റ്റ് ജിതേഷ്ജി, സുരേഷ് സോമ, സംഘാടകസമിതി ഭാരവാഹികളായ പി.ജെ. അജയകുമാർ, ശ്യാംലാൽ, കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം ആർ.ബി. രാജീവ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാന്പ്
കോന്നി: കോന്നി കരിയാട്ടത്തിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മഴക്കാല രോഗങ്ങൾ വ്യാപകമായ സമയത്തു നടന്ന ക്യാമ്പ് രോഗികൾക്ക് ആശ്വാസമായി. കെഎസ്ആർടിസി മൈതാനിയിലാണ് ക്യാമ്പ് നടന്നത്.
സ്പെഷാലിറ്റി വിഭാഗങ്ങളിലുള്ള ഡോക്ടർമാരുൾപ്പടെ 11 ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. 484 പേർ ചികിത്സതേടിയെത്തി. സൗജന്യമായി നടത്തിയ ക്യാമ്പിൽ പങ്കെടുത്തവരിൽനിന്നു കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ കോളജിൽ അതിനുള്ള സൗകര്യം ഒരുക്കും.