നാടും നഗരവും ഓണത്തിരക്കിൽ
1588349
Monday, September 1, 2025 2:32 AM IST
പത്തനംതിട്ട: ഓണം നാളുകൾ അടുത്തെത്തിയതോടെ നാടും നഗരവും തിരക്കിലായി. ആഘോഷങ്ങളും മേളകളും സജീവമായി. വിപണികൾ കൂടി ഉഷാറായതോടെ തിരക്കും വർധിച്ചു. വസ്ത്ര വില്പന ശാലകളിലാണ് തിരക്ക് ഏറെയും. ചെറുതും വലുതുമായ വസ്ത്രവ്യാപാര ശാലകളിലെല്ലാം തിരക്കുണ്ട്. വഴിയോര വസ്ത്രവ്യാപാരികളും എത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് വഴിയോരങ്ങൾ കൈയടക്കിയിരിക്കുന്നത്.
ഓണക്കാല വിഭവങ്ങളുമായി പ്രത്യേക ഓണം വിപണനമേളകളും ആരംഭിച്ചു. സപ്ലൈകോ, കൺസ്യൂമർഫെഡ് വിപണനമേളകളിൽ തിരക്കേറിയിട്ടുണ്ട്. സബ്സിഡി ഉത്പന്നങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് ഏറെയും. സഹകരണ മേഖലയിലും ഓണം വില്പനശാലകൾ പ്രവർത്തിച്ചു തുടങ്ങി.
ഏത്തക്കായ വിപണിയിലും തിരക്ക് വർധിച്ചു. നാടൻ ഏത്തക്കുലകളും വിപണിയിലെത്തിയിട്ടുണ്ട്. കിലോഗ്രാമിന് 50 രൂപയ്ക്കു പുറമേ നിന്നുള്ള ഏത്തക്കായ വിപണനം പൊടിപൊടിക്കുന്നതോടെ നാടൻ ഏത്തക്കുലയുടെ ഡിമാൻഡ് കുറഞ്ഞു. വെളിച്ചെണ്ണ വില ഉയർന്നു നിൽക്കുന്നതിനാൽ ഇക്കുറി ഉപ്പേരി തയാറാക്കൽ സാധാരണക്കാർക്കു ചെലവേറി. ഉപ്പേരി കിലോഗ്രാമിന് 480 രൂപ മുകളിലേക്കാണ് വില.
കുടുംബശ്രീ ഓണം വിപണന മേള അടൂരിൽ
അടൂർ: കുടുംബശ്രീ ജില്ലാതല ഓണംമേള അടൂർ ഓണം 2025നു തുടക്കമായി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർമാൻ കെ. മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.അടൂർ റവന്യു ടവറിന് എതിർവശത്ത് സംഘടിപ്പിച്ചിരിക്കുന്ന ഓണം വിപണന മേള സെപ്റ്റംബർ നാലുവരെയാണ്.
ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ ഉത്പാദിപ്പിച്ച പലതരം അച്ചാറുകൾ, കറിപ്പൗഡറുകൾ, ധാന്യപ്പൊടികൾ, നാടൻ പുളി, വെളിച്ചെണ്ണ, ശുദ്ധമായ വെളിച്ചെണ്ണയിൽ തയാർ ചെയ്ത പലഹാരങ്ങൾ,ദോശക്കല്ല്, തവ, മൺവെട്ടി, തൂമ്പ തുടങ്ങിയ ഇരുമ്പ് സാമഗ്രികൾ, ഗുണമേന്മയിൽ മികവു പുലർത്തുന്ന ബാഗുകൾ, തുണിത്തരങ്ങൾ, ലോഷനുകൾ, സോപ്പുകൾ, പച്ചക്കറികൾ തുടങ്ങി എല്ലാവിധ സാധനങ്ങളും മിതമായ നിരക്കിൽ മേളയിൽ ലഭ്യമാകും.
ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകൾ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും മേളയിൽ ലേഭ്യമാണ്.
സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം
അടൂരിലെ ഓണത്തിനു തുടക്കം കുറിച്ചത് സാംസ്കാരിക ഘോഷയാത്രയോടെയാണ്. വിവിധ കലാരൂപങ്ങളും മാവേലി വേഷധാരിയുമൊക്കെ ഘോഷയാത്രയ്ക്ക് അകന്പടിയായി. ഘോഷയാത്ര അടൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും തുടങ്ങി ഓണാഘോഷ വേദിയിൽ എത്തിച്ചേർന്ന ഘോഷയാത്രയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയ ഗോപകുമാർ, നഗരസഭ ചെയർമാൻ കെ. മഹേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
മൂന്നു ദിവസങ്ങളിലായി തിരുവാതിര മത്സരം, കൂത്തുപാട്ട്, വാക്ക് ചിരി മേളം,പാട്ടുകൂട്ടം, ഫോക്ക് ലോർ അക്കാദമിയുടെ വിവിധ പരിപാടികൾ, എന്നിവ നടക്കും. കുടുംബശ്രീ ഫുഡ് കോർട്ടുകളും വിപണമേളയുടെ പ്രധാന ആകർഷണമാണ്.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ. ബിന്ദുരേഖ, ജില്ലാ പഞ്ചായത്ത് അംഗം സി. കൃഷ്ണകുമാർ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, ഡി. സജി, ബിജു വർഗീസ്, പ്രഫ. വർഗീസ് പേരയിൽ, രൂപേഷ് അടൂർ, സാംസൺ ഡാനിയേൽ, കെ.ജി. വാസുദേവൻ, സിഡിഎസ് ചെയർപേഴ്സൺമാരായ രാജി പ്രസാദ്, രേഖ ബാബു, അജിതകുമാരി, സീജ മോൾ, ഫൗസിയ, വത്സലകുമാരി ,സിനി ആർട്ടിസ്റ്റ് ഡിനി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
ഓണം ക്യാന്പ്
പത്തനംതിട്ട: മാർത്തോമമ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ മൂന്നു ദിവസത്തെ ഓണം ക്യാമ്പ്, ശ്രാവണം 2025 ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാൻ നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ജോൺ പോൾ മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജിജി മാത്യു സ്ക്കറിയ, ലോക്കൽ മാനേജർ റവ. സജി തോമസ്, ഗാർഡിയൻ എസ്പിസി പ്രസിഡന്റ് റവ. ജേക്കബ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി തോമസ്, ഡിഐ കെ. രാജേഷ്, എസിപിഒ ജിഷാ തോമസ്, അയന മറിയം ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷവും സാംസ്കാരിക സമ്മേളനവും
മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല ഓണാഘോഷവും സാംസ്കാരിക സമ്മേളനവും മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി മേഘ സുധീര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന് മുഖ്യസന്ദേശം നല്കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആനി രാജു, ബ്ലോക്ക് പഞ്ചായത്ത് ആംഗങ്ങളായ ബിന്ദു ചന്ദ്രമോഹന്, ഈപ്പന് വര്‍ഗീസ്, സിന്ധു സുഭാഷ്, ജോസഫ് ജോണ്‍, ജ്ഞാനമണി മോഹന്‍, ലൈല അലക്സാണ്ടര്‍, സുധികുമാര്‍, റിമി ലിറ്റി എന്നിവര്‍ പ്രസംഗിച്ചു.
ഓണം വിപണി
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഇന്നു മുതൽ നാലുവരെ കോട്ടാങ്ങൽ കൃഷിഭവൻ ഓഫീസിനു മുന്പിൽ ഓണം വിപണി നടത്തും.
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കർഷകർക്ക് നേരിട്ട് സാമ്പത്തികനേട്ടം ഉറപ്പാക്കുന്നതിനുമായി കർഷകരിൽനിന്നും ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ച് 30 ശതമാനംവരെ വിലക്കുറവിൽ വിറ്റഴിക്കും.
ഇന്നു രാവിലെ 10ന് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് വിപണിയുടെ ഉദ്ഘാടനം നിർവഹിക്കും.