എട്ടുനോന്പാചരണം
1588614
Tuesday, September 2, 2025 3:02 AM IST
കുന്പഴ സെന്റ് മേരീസ് കത്തീഡ്രലിൽ
കുമ്പഴ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ എട്ടുനോമ്പിന് തുടക്കം കുറിച്ചുകൊണ്ട് തീർഥാടന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി.
ഇടവക വികാരി ഫാ. കെ. ജി. മാത്യു അധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അനിൽ കെ. ടൈറ്റസ്, നിതിൻ മണക്കാട്ടുമണ്ണിൽ, പത്തനംതിട്ട മുനിസിപ്പൽ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, വാർഡ് കൗൺസിലർ ബിജിമോൾ മാത്യു എന്നിവർ പ്രസംഗിച്ചു.ഇടവക ട്രസ്റ്റി അലക്സാണ്ടർ മൂലമുറിയിൽ സ്വാഗതവും സഹവികാരി ഫാ. അജിമോൻ പാപ്പച്ചൻ നന്ദിയും പറഞ്ഞു.
വേങ്ങൽ പള്ളിയിൽ
തിരുവല്ല: വേങ്ങൽ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ ഇടവക തിരുനാളിനും എട്ടുനോമ്പ് ആചരണത്തിനും തുടക്കം കുറിച്ചു.
ഇടവക വികാരി ഫാ. ആന്റണി ചെത്തിപ്പുഴ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നുമുതൽ ആറു വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4 .30ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ഫാ. ഫിലിപ്പ് തായില്ലം, ഫാ. രഞ്ജിത്ത് മഠത്തിറമ്പിൽ, ഫാ. ജോസഫ് കരിപ്പായിൽ, റവ. ഡോ. തോമസ് പാറക്കൽ, ഫാ. മാത്യു പുനക്കളം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും.
ഏഴിനു രാവിലെ എട്ടിന് റവ ഡോ. വർഗീസ് മനക്കലേട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം ആറിന് കന്യാകോണിൽ ചെറിയാൻ ഏബ്രഹാമിന്റെ ഭവനത്തിൽ സന്ധ്യാ പ്രാർഥനയ്ക്ക് ഫാ. തോമസ് ആലുങ്കൽ വചന സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് ആഘോഷമായ തിരുനാൾ റാസ. എട്ടിന് രാവിലെ 8. 30 ന് ക്നാനായ കത്തോലിക്ക സഭ കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം, തിരുനാൾ പ്രദക്ഷിണം, സമാപന ആശീർവാദം, കൊടിയിറക്ക് എന്നിവ നടക്കും. തുടർന്ന് സ്നേഹവിരുന്നോടു കൂടി പരിപാടികൾ സമാപിക്കും. ഇടവക വികാരി ഫാ. ആന്റണി ചെത്തിപ്പുഴ, ട്രസ്റ്റി തോമസ് എം. മാത്യു, സെക്രട്ടറി ജെറിൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
തിരുമൂലപുരം
പള്ളിയിൽ
തിരുവല്ല: തിരുമൂലപുരം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനും എട്ടു നോമ്പാചരണത്തിനും തുടക്കമായി. ഇന്നു മുതൽ ആറു വരെയുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയും തുടർന്ന് വചനപ്രഘോഷണവും നടക്കും.
ഫാ. നൈനാൻ വെട്ടിലേത്ത്, ഫാ. ബിനീഷ് സൈമൺ കാഞ്ഞിരത്തിങ്കൽ, ഫാ. ഫിലിപ്പ് തായില്യം, ഫാ. ഈപ്പൻ പുത്തൻ പറമ്പിൽ, ഫാ. മാത്യു തുണ്ടിയിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. ഏഴിനു രാവിലെ 7. 30ന് ഇടവക വികാരി ഫാ. വർഗീസ് ചാമക്കാലയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം ആറിന് മധ്യസ്ഥപ്രാർഥന, തുടർന്ന് തിരുമൂലപുരം ജംഗ്ഷനിലേക്ക് തിരുനാൾ റാസ. എട്ടിനു രാവിലെ 6. 45 ന് റവ. ഡോ. ഫിലിപ്പ് പയ്യമ്പള്ളിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് നേർച്ചവിളമ്പോടെ തിരുനാൾ സമാപിക്കും.