മണിമലയാറിന്റെ തീരമിടിയുന്നു
1588862
Wednesday, September 3, 2025 4:02 AM IST
മല്ലപ്പള്ളി: വായ്പൂര് മണിമലയാറിന്റെ തീരമിടിയുന്നു. ഇതുമൂലം പ്രദേശവാസികളുടെ ഏക്കറുകണക്കിന് ഭൂമിയാണ് മണിമലയാർ കവർന്നത്. ശാസ്താംകോയിക്കൽ ഭാഗത്ത് വൈദ്യശാല, അങ്ങാടി കടവുകൾ ഭാഗങ്ങളിലാണ് അപകടകരമായി ആറ്റുതീരം ഇടിയുന്നത്. ഇതുമൂലം മണിമലയാറിനോടു ചേർന്ന് താമസിക്കുന്ന ഭിന്നശേഷി പ്രദേശവാസികളുടെ വീടുകളും അപകടഭീതിയിലാണ്.
വായ്പൂര്, പാടിമൺ, മല്ലപ്പള്ളി ജേക്കബ്സ് റോഡിനോടു ചേർന്നാണ് മണിമലയാറ് സ്ഥിതി ചെയ്യുന്നത്. തീരമിടിച്ചിൽ വ്യാപകമായതോടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനും അപകടാവസ്ഥ നേരിടുന്നുണ്ട്. മഴയും വെള്ളപ്പൊക്കവും രൂക്ഷമാകുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. പ്രദേശവാസികളുടെ ജീവനു ഭീഷണിയാകുന്ന വിധമാണ് ആറ്റുതീരം ഇടിയുന്നത്.
സുരക്ഷയ്ക്കു സംരക്ഷണ ഭിത്തി ഇല്ലാത്തതിനാൽ ആറിന്റെ ഒഴുക്ക് ശക്തമാകുമ്പോൾ പ്രദേശവാസികൾ ആശങ്കയിലാണ്. ഭീഷണിയുള്ള ഭാഗങ്ങളിൽ അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ച് സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടാതെ കുറഞ്ഞ നാളുകളിൽ ഏക്കറുകണക്കിന് ഭൂമികളാണ് മണിമലയാർ കവർന്നത്. കർഷകരുടെ അധ്വാനങ്ങളിൽ ഏറിയപങ്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വൃക്ഷങ്ങളും കാർഷികവിളകളും ഒലിച്ചുപോയതോടെ ജനങ്ങൾ പ്രതിസന്ധിയിലാണ്.