ശ്രീനാദേവിയെ തള്ളി സിപിഐ
1588618
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവി ഇപ്പോൾ പാർട്ടി അംഗമല്ലെന്ന് സിപിഐ വ്യക്തമാക്കി.
സിപിഐയുടെ ലേബലിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നാണ് വിശദീകരണം. അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിലംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നാരോപണവുമായി പത്തനംതിട്ട ജില്ല പഞ്ചായത്തംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഞായറാഴ്ചയാണ് രംഗത്തെത്തിയത്. തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നും ഇവർ പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്പിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കല്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഇവർ പറഞ്ഞു.