ക്ഷേമപെന്ഷന് ഗുണഭോക്താക്കളുടെ യോഗം വിളിച്ച് പത്തനംതിട്ട; നഗരസഭയിലും കത്തുകള്‍
1595602
Monday, September 29, 2025 3:58 AM IST
പത്തനംതിട്ട: ക്ഷേമപെന്‍ഷനുകള്‍ ലഭിക്കുന്ന നഗരസഭാ പ്രദേശത്തെ ഉപഭോക്താക്കളുടെ യോഗം ഇന്നു നാലിന് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ നടക്കുന്നുവെന്നും അതില്‍ പങ്കെടുക്കണമെന്നും കാണിച്ച് നഗരസഭാ ചെയർമാന്റെ പേരില്‍ വ്യാജ പോസ്റ്റ് കാര്‍ഡുകള്‍ ക്ഷേമപെന്ഷന് ഉപഭോക്താക്കള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അയയ്ക്കുന്നതായി മുന്‍ നഗരസഭാ ചെയര്മാന് എ. സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.
എന്നാല്‍, കാര്‍ഡില്‍ കാണിച്ചിരിക്കുന്ന ഒപ്പ് ചെയര്മാന്റേതല്ലെന്നും നഗരസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവരെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നീക്കമാണിതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ചെയർമാന്റെ പേരില്‍ ഇത്തരം വ്യാജ കര്‍ഡുകള്‍ അയച്ചതിനെക്കുറിച്ച് ടി. സക്കിര്‍ ഹുസൈന് മറുപടി നല്‍കണം. അദേഹത്തിന്റെ അറിവോടെയല്ലങ്കില്‍ നിയമ നടപടി ഉണ്ടാകണം. നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ യാതൊരു അറിവുമില്ല.
നഗരസഭയിലെ വാര്‍ഡുകളില്‍ ഇത്തരം വ്യാജ യോഗങ്ങള്‍ വിളിക്കുന്നത് സിപിഎം പതിവാക്കിയിരിക്കുന്നതായും ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.