കേരള കോൺഗ്രസ് ധർണ നടത്തി
1596197
Wednesday, October 1, 2025 6:14 AM IST
അടൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി വർധനയും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താത്തതും സാധാരണ ജനങ്ങൾക്കു നേരേയുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ. കേന്ദ്ര, കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ കേരള കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയിൽ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിനും കാർഷിക വസ്തുക്കളുടെ വിലയിടിവിനും അടിയന്തരമായി പരിഹാരം കാണണമെന്നും വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ. ഡി.കെ ജോൺ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് വൈ. രാജൻ അധ്യക്ഷത വഹിച്ചു. ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് ജോർജ് കുറ്റിയിൽ, സാം ഏബ്രഹാം, അനിൽ പി. വർഗീസ്,ജെൻസി കടുവങ്കൽ, പി.ജി. വർഗീസ്, മണ്ണടി രാജേന്ദ്രൻ നായർ, വി.എസ്. ഇടിക്കുള, തോമസ് കോശി, എന്നിവർ പ്രസംഗിച്ചു.