"ഹൃദയപൂർവം' ബോധവത്കരണ കാമ്പയിൻ
1595881
Tuesday, September 30, 2025 3:05 AM IST
പത്തനംതിട്ട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ഹൃദയപൂര്‍വം സിപിആര്‍ പരിശീലന ബോധവത്കരണ കാമ്പെയിന് തുടക്കം. കാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സ്മിത സാറ പടിയറ അധ്യക്ഷത വഹിച്ചു.
ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക് ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സിപിആർ) നല്കുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന ബോധവത്കരണ കാമ്പെയിനാണ് ഹൃദയപൂര്‍വം. യുവജനങ്ങളെയും മുന്‍നിര തൊഴില്‍ വിഭാഗം ജീവനക്കാരെയും പ്രഥമ ശുശ്രൂഷ നല്കാന് പ്രാപ്തരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണം നേരത്തേ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ ദിനാചരണ സന്ദേശം നല്കി. പത്തനംതിട്ട എംജിഎം മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ അത്യാഹിത വിഭാഗത്തിലെ ഡോ. വിഷ്ണു, ഡോ. അശ്വിന് എന്നിവര്‍ സിപിആര്‍ പരിശീലനം നല്കി. ബോധവത്കരണ സന്ദേശം അടങ്ങിയ ബോര്‍ഡുകളുടെ പ്രകാശനം ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ് ജോസഫ് നിര്‍വഹിച്ചു. പന്തളം സിഎം ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടി. ജി. വര്‍ഗീസ്, ജില്ലാ ഡെപ്യൂട്ടി മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. തോമസ് ഏബ്രഹാം, ആന്‍സി സാം തുടങ്ങിയവർ പങ്കെടുത്തു. കാമ്പെയിന്റെ ഭാഗമായി ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ സിപിആര്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു.
ബിലീവേഴ്സ് ആശുപത്രിയിൽ
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകഹൃദയ ദിനം വിവിധ ബോധവത്കരണ - വൈജ്ഞാനിക പരിപാടികൾ നടത്തി ആചരിച്ചു.
ഹൃദ്രോഗ ചികിത്സയിലെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കുമുള്ള നാല് ഉപകരണ സംവിധാനങ്ങൾ നാടിന് സമർപ്പിച്ചാണ് ലോക ഹൃദയ ദിനത്തിന് ബിലീവേഴ്സ് ആശുപത്രി തുടക്കം കുറിച്ചത്.
ഇതിൽ താക്കോൽദ്വാര മുറിവുകളിലൂടെ ഹൃദയശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന മൂന്ന് അതിനൂതന ഉപകരണങ്ങളും ഹൃദയധമനികളുടെ ഉൾവശം കാണാൻ കഴിയുന്ന ഒസിറ്റി മെഷീനുമാണ് ഇന്നലെ പ്രവർത്തനം തുടങ്ങിയത്.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ബിലീവേഴ്സ് ഇന്റർനാഷണൽ ഹാർട്ട് സെന്റർ മേധാവിയുമായ ഡോ. ജോൺ വല്യത്ത്, അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. സുരേഷ് കുമാർ, അഡൾട്ട് കാർഡിയോളജി വിഭാഗം മേധാവി ഡോ. ലീനാ തോമസ്, സീനിയർ കൺസൾട്ടന്റ് ഡോ. ടി. യു. സക്കറിയ, കാർഡിയോ തൊറാസിക്ക് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കണ്ണൻ ആർ. നായർ, അഡൽട്ട് കാർഡിയോളജി സീനീയർ കൺസൾട്ടന്റ് ഡോ. രവി ചെറിയാൻ മാത്യു, ഡോ. മിറ്റി ജോർജ്, ഡോ. കെ.ആർ. രമിത, കാർഡിയാക് അനസ്തെറ്റിസ്റ്റുകളായ ഡോ സജിത്ത് സുലൈമാൻ, ഡോ ബെൻസൺ ഏബ്രഹാം, ഡോ ഡോണ തുടങ്ങിയവർ പങ്കെടുത്തു.
ഹൃദയദിനത്തിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടിയിൽ ഡോ. ജോൺ വല്യത്ത്, ഡോ. ആർ. സുരേഷ് കുമാർ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. കാർഡിയാക് ക്വിസ് മത്സരം, ഫ്ലാഷ് മോബ് അവതരണം, സിപിആർ ബോധവത്കരണം എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ലൈഫ് ലൈൻ ആശുപത്രിയിൽ
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിൽ നടന്ന ലോക ഹൃദയ ദിനാചരണം പരിപാടികൾ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ചെയർമാൻ ഡോ. എസ്. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഹൃദയാഘാതത്തെ തിരിച്ചറിയാനും അതിനെ നേരിടാനും സഹായിക്കുന്ന ബോധവത്കരണ ക്ലാസാണ് പ്രധാനമായും നടന്നത്.
അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ മുഖ്യ പ്രസംഗം നടത്തി. ലൈഫ് ലൈൻ കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് ലോക ഹൃദയദിന സന്ദേശം നൽകി. ജീവൻ രക്ഷിക്കുന്നതിന് സിപിആർ പ്രസക്തി സീനിയർ കാർഡിയോളജിസ്റ്റ് ഡോ. സന്ദീപ് ജോർജ് വില്ലോത്ത് വിശദീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മാത്യൂസ് ജോൺ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ചെറിയാൻ ജോർജ്, സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, സീനിയർ അഡ്മിനിസ്ട്രേറ്റർ വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സിപിആർ പരിശീലനവും തുടർന്നു നൽകി.
മുത്തൂറ്റ് ആശുപത്രിയിൽ
കോഴഞ്ചേരി: മുത്തൂറ്റ് ആശുപത്രിയിൽ ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
കേരള സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി നടത്തുന്ന സിപിആർ ബോധവത്കരണ പദ്ധതിക്കു മുൻതൂക്കം നൽകിയാണ് പരിപാടികൾ ക്രമീകരിച്ചത്.
പത്തനംതിട്ട ജില്ലയിലെ മൂന്ന് ഔദ്യോഗിക ബേസിക് ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) നോഡൽ പരിശീലന കേന്ദ്രങ്ങളിലൊന്നായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ജീവൻ രക്ഷാ മാർഗങ്ങളും അടിയന്തരസാഹചര്യങ്ങളിൽ ആത്മവിശ്വാസവും സമൂഹത്തിന് നൽകുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദിനാചരണത്തിന്റെ ഭാഗമായി സെന്റ് തോമസ് കോളജിലും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും മുത്തൂറ്റ് ആശുപത്രിയിലെ ഡോക്ടർമാർ ബിഎൽഎസ് പരിശീലന പരിപാടികൾ നടത്തി.
ആശുപത്രിയിടെ നേതൃത്വത്തിൽ 200 ഓളം ജീവനക്കാരെ ഉൾപ്പെടുത്തി പത്തനംതിട്ട, ചുട്ടിപ്പാറ ഹിൽ ടോപ്പ് പോയിന്റിലേക്ക് വ്യായാമപരമായ ട്രക്കിംഗും സംഘടിപ്പിച്ചു.
മല്ലപ്പള്ളി: ലോക ഹൃദയരോഗ്യ ദിനം 2025 വൈസ്മെൻസ് ക്ലബ് വെണ്ണിക്കുളവും തുരുത്തിക്കാട് ബിഎഎം കോളജും ചേർന്ന് ആചരിച്ചു. ക്ലബ് പ്രസിഡന്റ് ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഡോ.സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ ജി.എസ്.അനീഷ് കുമാർ, ക്ലബ് ട്രഷറർ മാത്യു ചെറിയാൻ, പ്രോഗ്രാം കോർഡിനേറ്റർ റെനി ജേക്കബ് എന്നിവർ പ്രസംഗിച്ചു.