ആറന്മുളയിൽ വള്ളസദ്യക്കാലം സമാപിച്ചു
1596438
Friday, October 3, 2025 3:18 AM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യകൾ ഇന്നലെ പൂർത്തിയായി. ജൂലൈ 13ന് തുടങ്ങിയ വള്ളസദ്യ 82 ദിവസം പിന്നിട്ട് 524 വള്ളസദ്യകൾ നടത്തിയാണ് ചടങ്ങുകൾ അവസാനിച്ചത്. അവസാന ദിവസം 12 വള്ളസദ്യകളാണ് നടന്നത്. അടുത്ത വർഷത്തേക്ക് 29 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ മാറ്റിവച്ചു. അടുത്തവർഷത്തെ വള്ളസദ്യ ബുക്കിംഗ് നവംബറിൽ ആരംഭിക്കും.
പഞ്ചപാണ്ഡവ ക്ഷേത്രദർശന ടൂർ പാക്കേജിൽ കെഎസ്ആർടിസി 344 ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്ന് ആറന്മുളയിലേക്ക് വരികയും 15,000 ത്തിൽ പരം ആളുകൾ ആറന്മുള സദ്യയിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ പന്ത്രണ്ടായിരത്തോളം ആളുകൾ സ്പെഷൽ പാസ് മുഖേനയും ആറന്മുള സദ്യയിൽ പങ്കെടുത്തു.
അഷ്ടമിരോഹിണി ഉൾപ്പെടെ ഇക്കൊല്ലം മൂന്നു ലക്ഷത്തിൽപ്പരം ആളുകൾ ആറന്മുള വള്ളസദ്യകളിൽ വിവിധ ദിവസങ്ങളിലായി പങ്കെടുത്തു. 14 സദ്യ കരാറുകാരാണ് സദ്യകൾ ഒരുക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും നിർവഹണസമിതിയുടെ നിർദ്ദേശപ്രകാരം വള്ളസദ്യകൾ ക്രമീകരിച്ചിരുന്നു.
നിർവഹണ സമിതിയിൽ ഭക്തജന പ്രതിനിധിയായി ക്യാപ്റ്റൻ രവീന്ദ്രൻ നായർ, ഉപദേശക സമിതി പ്രതിനിധിയായി ശശി കണ്ണങ്കരിലും ദേവസ്വം പ്രതിനിധിയായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേവതി, അസിസ്റ്റന്റ് കമ്മീഷണർ ആർ. ശ്രീലേഖ എന്നിവരാണുണ്ടായിരുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് കെ. എസ്. സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
സമാപന ദിവസം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം കൊടിമരച്ചുവട്ടിൽ പറനിറയ്ക്കുകയും പള്ളിയോടങ്ങൾക്ക് വെറ്റില പുകയില സമർപ്പിക്കുകയും സദ്യയിൽ പങ്കെടുക്കുകയും ചെയ്തു.
photo:
ആറന്മുളയിൽ ഇക്കൊല്ലത്തെ വള്ളസദ്യകൾക്കു സമാപനം കുറിച്ച് ഇന്നലെ ക്ഷേത്രത്തിലെത്തിയ പള്ളിയോട കരക്കാരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ദക്ഷിണ നൽകി സ്വീകരിക്കുന്നു.