നൂതന തൊഴിൽ, സ്ഥിരവരുമാനം; കുടുംബശ്രീയുടെ പുതിയ ചുവട്
1596196
Wednesday, October 1, 2025 6:14 AM IST
പത്തനംതിട്ട: എല്ലാ കുടുംബത്തിനും ഒരു സ്ഥിര വരുമാനം ഉറപ്പു വരുത്താനായി ജില്ലാ കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും ചേർന്നു റാന്നി നിയോജക മണ്ഡലത്തിലുള്ള 12 ഗ്രാമപഞ്ചായത്തുകളിലായി തൊഴില്‍ - നൈപുണ്യ പദ്ധതി ഷീ റൈസിനു തുടക്കമിടുന്നു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ ആറു കോഴ്സുകളിലേക്കു പ്രവേശനം നല്കി പരിശീലന പരിപാടി ഉടന്‍ സംഘടിപ്പിക്കും.
കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. വിവിധ പരിശീലനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായ എന്എസ്ക്യുഎഫ്എല് സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.
അസിസ്റ്റന്റ് ഡ്രസ് മേക്കര്‍ (ടെയ്ലറിംഗ്), ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ഡാറ്റാ അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് , മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് എന്നീ കോഴ്സുകളാണുള്ളത്. ഇതില്‍ ടെയ്ലറിംഗ് കോഴ്സുകള്‍ എട്ടിന് എല്ലാ പഞ്ചായത്തുകളിലും ക്രമീകരിച്ചിരിക്കുന്ന സെന്ററുകളില്‍ ആരംഭിക്കും. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിലാണ് റാന്നി നിയോജക മണ്ഡലത്തിൽ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നത്.
സേവനശ്രീ തൊഴിൽ കൂട്ടായ്മ
ജില്ലാ കുടുംബശ്രീ മിഷന് ആരംഭിക്കുന്ന മറ്റൊരു നൂതന പദ്ധതിയാണ് സേവനശ്രീ. വിവിധ മേഖലകളില്‍ തൊഴില്‍ പ്രാവീണ്യം ഉള്ളവരെയും തൊഴില്‍ താത്പര്യം ഉള്ളവരെയും കൂട്ടി യോജിപ്പിച്ചു തങ്ങളുടെ പ്രദേശത്തുതന്നെ തൊഴില്‍ കൂട്ടായ്മ രൂപീകരിക്കും.
തദ്ദേശ പ്രദേശത്തു സിഡിഎസ് ഭരണ സമിതിയും ബ്ലോക്ക് തലത്തില്‍ എംഇആര്സിയുമാണ് പദ്ധതിയുടെ ഏകോപനവും നടത്തിപ്പും ചെയ്യുന്നത്. ബ്ലോക്ക് തലത്തില്‍ ആരംഭിച്ചിട്ടുള്ള എംഇആര്സികളില് തയാറാക്കുന്ന കാള്‍ സെന്ററുകളിലേക്ക് ബന്ധപ്പെട്ട് ഉപഭോക്താവിന് ആവശ്യമുള്ള സര്‍വീസ് ബുക്ക് ചെയ്യാവുന്നതും ഏത് സിഡിഎസ് പരിധിയിലാണോ സര്‍വീസ് വേണ്ടത് അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളിയെ ഉപഭോക്താവുമായി കണക്ട് ചെയ്തു കൊടുക്കുകയുമാണ് ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ ഹോം കെയര്‍ ആന്‍ഡ് ഗൈനക് കെയർ, ഹൗസ് കീപ്പിംഗ് ആന്‍ഡ് കുക്കിംഗ് സര്‍വീസ് എന്നിവയാണ് തുടങ്ങുന്നത്. അതോടൊപ്പം സര്‍വീസ് ടെക്നീഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലന്പിംഗ്, മൊബൈല്‍ ഫോണ്‍ സര്‍വീസ് തൊഴിലിനു താത്പര്യമുള്ളവരെ കണ്ടെത്തി പരിശീലനങ്ങള്‍ ആരംഭിക്കാനും ജില്ലാ മിഷൻ തീരുമാനിച്ചിട്ടുണ്ട്.
ലോണ്‍ഡ്രി ആന്‍ഡ് അയണിംഗ്, മൊബൈല്‍ കാര്‍ വാഷ് ആന്‍ഡ് ഹൗസ് ക്ലീനിംഗ്, പര്‍ച്ചേസ് ആന്‍ഡ് പേയ്മെന്റ് അസിസ്റ്റന്‍സ്, ഗാര്‍ഡനിംഗ്, അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേഴ്സ്, ഇവന്റ് മാനേജ്മെന്റ് എന്നിവയാണ് മറ്റ് തൊഴില്‍ മേഖലകൾ.
കുടുംബശ്രീ ഓക്സലോ
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ വിപുലീകരിക്കാനും പുനഃസംഘടിപ്പിക്കാനും വേണ്ടി സ്പെഷല്‍ ഓക്സെല്ലോ കാമ്പയിനുകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ ഓക്സിലറി നവകേരളത്തിന്റെ യുവശക്തി എന്നതാണ് ടാഗ് ലൈന്‍. വാര്‍ഡ്, പഞ്ചായത്ത് തലങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കും. കുടുംബശ്രീ വഴി നൂതനമായ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും അവയിലൂടെ വരുമാനം ഉണ്ടാക്കാനും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമിടുന്നു.
കേരളത്തിലെ എല്ലാ സിഡിഎസുകളിലും പരമാവധി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുക, നിലവിലുള്ള ഗ്രൂപ്പുകളുടെ പുനഃസംഘടനയും ശാക്തീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി സിഡിഎസുകളുടെ നേതൃത്വത്തില്‍എല്ലാ അയല്‍ക്കൂട്ടങ്ങളുടെയും പരിധിയില്‍ വരുന്ന 18 മുതല്‍ 40 വയസുവരെയുള്ള യുവതികളുടെ ഡാറ്റ ശേഖരണം മൈക്രോ ലെവല്‍ മാപ്പിംഗിലൂടെ ഇതിനോടകം പൂര്‍ത്തിയാക്കി.
സ്ക്വാഡുകൾ
ജനപ്രതിനിധികൾ, സിഡിഎസ്അംഗങ്ങള്, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, എഡിഎസ് അംഗങ്ങള്‍, അയല്ക്കൂട്ടാംഗങ്ങള് എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ ഗൃഹസന്ദര്‍ശനത്തിനായി പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം നടത്തിവരുന്നു.
റോഡ്ഷോ, തെരുവ് നാടകം, ഫ്ളാഷ് മോബ്, ടോക്ക് ഷോകള്‍ വിജയ ഗാഥകളുടെ പ്രദര്‍ശനം തുടങ്ങിയവ സിഡിഎസ്, ബ്ലോക്ക് തലങ്ങളില്‍ പൊതു ഇടങ്ങളില്‍ സംഘടിപ്പിക്കും. ഓക്സിലറി ഗ്രാമയാത്രയുടെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാർ, എയ്ഡഡ്, പോളിടെക്നിക് കോളജ് കാമ്പസുകളിലും സംഘടിപ്പിക്കും. ഓക്സിലറി ചാമ്പ്യന്മാർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.