എക്യുമെനിക്കൽ സംഗമവും ബിഷപ്പിന് സ്വീകരണവും
1595879
Tuesday, September 30, 2025 3:05 AM IST
തിരുവല്ല: അനുദിനമെന്നോണം എല്ലാ മേഖലകളിലും വേലിക്കെട്ടുകൾ വർധിച്ചു വരുന്നുവെന്നത് വർത്തമാന കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത.
സാൽവേഷൻ ആർമി ചർച്ചിൽ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവഹിതം വിവേചിച്ചറിഞ്ഞ് അതിനു വിധേയപ്പെട്ട് പ്രവർത്തിക്കുക എന്നുള്ളതാണ് ക്രിസ്തീയ ദൗത്യമെന്നും ദുർബലരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തു പിടിക്കാനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ദൗത്യ നിർവഹണമാണ് അനിവാര്യമായിരിക്കുന്നതെന്നും ഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. സമ്മേളനത്തിൽ സിഎസ്ഐ സഭ കൊല്ലം - കൊട്ടാരക്കര മഹാഇടവകയുടെ നവാഭിക്ഷക്തനായ ബിഷപ് ജോസ് ജോർജിന് സ്വീകരണവും അനുമോദനവും നൽകി.
ഡിവിഷണൽ കമാൻഡർ മേജർ പി.പി. ബാബുവിന്റെ അധ്യക്ഷതയിൽ മാത്യൂസ് മാർ സിൽവാനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി . ജോസഫ് എം. പുതുശേരി, റവ.പോൾ പി. മാത്യു, ഡോ.ജോസഫ് ചാക്കോ, ഡോ. സൈമൺ ജോൺ, ബ്രദർ സുരേഷ് ജോൺ , എ.വി. ജോർജ് , ലാലു പോൾ,റോയി വർഗീസ്, പി.പി. ജോൺ, ബിൻസി തോമസ്, ശ്രീനാഥ് കൃഷ്ണൻ, മേജർ ജോമോൻ ,പി.ജെ.ജോൺ എന്നിവർ പ്രസംഗിച്ചു. ഗിൽഗാൽ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.