പന്തളം സ്വാമി അയ്യപ്പൻ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു
1596195
Wednesday, October 1, 2025 6:14 AM IST
പന്തളം: ജനങ്ങളുടെ പിന്തുണയിലും ഐക്യത്തിലുമാണ് നരേന്ദ്ര മോദി സർക്കാരിന് രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്താനായതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.
പന്തളം നഗരസഭയുടെ സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏതു സംസ്ഥാനത്തെത്തിയാലും ഇന്നിപ്പോൾ ദേശീയപാതകൾ ഉന്നത നിലവാരത്തിൽ തന്നെ കാണാനാകും. ഇവയ്ക്ക് അനുയോജ്യമായ ബസ് ടെർമിനലുകൾ പട്ടണങ്ങളിലുണ്ടാകണം.
ഇന്ത്യയിൽ 100 വിമാനത്താവളങ്ങളുടെ നിർമാണം നടന്നുവരികയാണ്. പോർട്ടുകളുടെയും റെയിൽവേയുടെയും വികസനം ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തും കാണാം. ജനങ്ങളുടെ ഒത്തൊരുമ്മയാണ് വികസന പ്രവർത്തനങ്ങൾ നടത്താൻ ശക്തി. ഓപ്പറേഷൻ സിന്ദൂറിന് ജവാന്മാർക്ക് ശക്തി പകർന്നത് ജനങ്ങളായിരുന്നുവെന്നും 140 കോടി ജനങ്ങളുടെ വിജയമായിരുന്നു അതെന്നും കേന്ദ്രമന്ത്രി അനുസ്മരിച്ചു.
നഗരസഭ 75 ലക്ഷം രൂപ ചെലവഴിച്ചാണ് സ്വാമി അയ്യപ്പൻ ബസ് ടെർമിനൽ നിർമിച്ചിരിക്കുന്നത്. നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ യു.രമ്യ, മുൻ ചെയർപേഴ്സൺ സുശീല സന്തോഷ്, സെക്രട്ടറി ഇ.ബി. അനിത, സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ. സീന, രാധാ വിജയകുമാർ, സൗമ്യ സന്തോഷ്, രാധാകൃഷ്ണനുണ്ണിത്താൻ, കൗൺസിലർമാരായ കെ.ആർ. രവി, സൂര്യ എസ്.നായർ, ബിന്ദു കുമാരി, മഞ്ജുഷസുമേഷ്, പുഷ്പവല്ലി , ബിജെപി നേതാക്കളായ വി.എ. സൂരജ്, രാധാകൃഷ്ണ മേനോൻ, കളനട അശോകൻ, വിക്ടർ ടി. തോമസ്, നഗരസഭ എഇ ജയകുമാർ, കെ.പ്രതാപൻ, ആനന്ദരാജ് എന്നിവർ പ്രസംഗിച്ചു.