രക്ഷിതിനെ ആദ്യാക്ഷരമെഴുതിക്കാൻ മന്ത്രിതന്നെ എത്തി
1596434
Friday, October 3, 2025 3:14 AM IST
പത്തനംതിട്ട: ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ രാജേഷ് - രേഷ്മ ദമ്പതികളുടെ മകന് രക്ഷിതിന് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ രക്ഷിതിന് ആദ്യാക്ഷരം കുറിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രത്യേക കരുതലിൽ ജീവൻ തിരികെ പിടിച്ച കുഞ്ഞാണ് രക്ഷിതെന്നും മാതാപിതാക്കളായ രാജേഷും രേഷ്മയും.
770 ഗ്രാം തൂക്കവുമായി ആറാംമാസത്തിൽ ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് രക്ഷിച്ചെടുത്തത്.
അഞ്ചു മാസത്തോളം എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നു താനും കുഞ്ഞും രക്ഷപ്പെടില്ലെന്നു പറഞ്ഞ് അത്യാസന്ന നിലയിലാണ് എസ്എടിയിലെത്തിയത്. അവിടെ നിന്നാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തതെന്ന് രേഷ്മ പറഞ്ഞു.
കുഞ്ഞ് രണ്ടു മാസത്തോളം വെന്റിലേറ്ററിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പത്ത്, ഇരുപത് ലക്ഷത്തോളം ചെലവുവരുന്നതാണ്.
മൂന്ന് ദിവസത്തിലേറെ ജീവിക്കില്ല എന്നു പറഞ്ഞ കുഞ്ഞ് ഇന്നിപ്പോൾ 770 ഗ്രാമില്‍ നിന്ന് ഇപ്പോള്‍ രണ്ടര വയസുള്ള 10 കിലോഗ്രാം തൂക്കമുള്ള മിടുക്കനായി. എസ്എടിയിലെ നവജാതശിശു വാരാചരണത്തില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രിയുമായി ഇക്കാര്യം പങ്കുവച്ചത്. അന്ന് കുഞ്ഞിനെ വീണാ ജോർജ് എടുത്തു ലാളിക്കുകയുണ്ടായി.
കുഞ്ഞിനെ ആദ്യാക്ഷരം എഴുതിക്കുന്നതും മന്ത്രി തന്നെയാകണമെന്ന് അന്നുമുതൽ തങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നതായും എന്തായാലും അതു സാധ്യമായെന്നും അച്ഛൻ രാജേഷ് പറഞ്ഞു.