കായികാധ്യാപകരെ കണികാണാനില്ല; പരിശീലനം കിട്ടാതെ കുട്ടികൾ
1595889
Tuesday, September 30, 2025 3:05 AM IST
പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളിൽ കായികാധ്യാപകരെ കണികാണാൻ പോലുമില്ല. അന്പതിൽ താഴെ അധ്യാപകരാണ് തിരുവല്ല, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലകളിലായുള്ളത്. മൂന്നിലൊന്ന് സ്കളുകളിൽ പോലും കായികാധ്യാപകരില്ല. ശരാശരി പത്ത് അധ്യാപകർ ഓരോ വർഷവും പടിയിറങ്ങുന്നതിനാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തസ്തികയ്ക്കുതന്നെ വംശനാശം സംഭവിച്ചേക്കാം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കായികാധ്യാപകരുടെ തസ്തിക പൊതുവിദ്യാലയങ്ങളിൽ അനുവദിക്കുന്നില്ല. കുട്ടികൾ കുറഞ്ഞുവെന്നതാണ് പ്രധാന പ്രശ്നം. യുപി സ്കൂളുകളിൽ 500 കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ കായികാധ്യാപക തസ്തിക അനുവദിക്കൂ.
ഹൈസ്കൂളിൽ എട്ട്, ഒന്പത്, പത്ത് ക്ലാസുകളിലായി അഞ്ച് പീരിയഡ് ലഭ്യമാകുന്നുവെങ്കിലേ കായികാധ്യാപകനെ നിയമിക്കാനാകൂ. അഞ്ച് പീരിയഡ് ലഭ്യമാകണമെങ്കിൽ 45 കുട്ടികൾ വീതമുള്ള അഞ്ച് ഡിവിഷനുകൾ ഉണ്ടാകണം.
അധ്യാപകർ ഇല്ലാതാകുന്നു
ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവു കാരണം പുറത്തുപോയത് കായികാധ്യാപകരാണ്. അവശേഷിച്ചിരുന്ന തസ്തികകളിൽ നിയമനം ലഭിച്ചവർ സർവീസിൽനിന്നു വിരമിക്കുന്നതോടെ ഈ മേഖലയിൽ അധ്യാപകർതന്നെ ഇല്ലാതാകും. യുപി സ്കൂളുകളിൽ എവിടെയും കായികാധ്യാപകില്ല. 100ലധികം വിദ്യാലയങ്ങളുള്ള അടൂർ സബ് ജില്ലയിൽ വിവിധ ഹൈസ്കൂളുകളിലായി ഏഴ് കായികാധ്യാപകരാണുള്ളത്. കോന്നിയിൽ ആറു പേരുണ്ട്. ആറന്മുളയിൽ രണ്ടും കോഴഞ്ചേരിയിൽ ഒന്നുമാണ് നിലവിലുള്ളത്. ഇതര സബ്ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
ജോലി നഷ്ടപ്പെട്ടവരുമേറെ
കുട്ടികളുടെ എണ്ണത്തിലെ കുറവ് ആദ്യം ബാധിച്ചു തുടങ്ങിയത് സ്പെഷലിസ്റ്റ് വിഭാഗത്തിൽപ്പെടുന്ന അധ്യാപകരെയാണ്. ഇതിൽത്തന്നെ കായികാധ്യാപകരുടെ തസ്തികയാണ് കൂടുതലായി നഷ്ടപ്പെട്ടത്.
2015നു മുന്പ് ജോലിയിൽ പ്രവേശിച്ചവർക്കു മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. കുട്ടികളുടെ കുറവു കാരണം മറ്റുള്ളവർ ജോലിയിൽനിന്നു പുറത്തു പോകേണ്ടിവന്നു. മറ്റു ചിലർക്കു ശന്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യവുമുണ്ടായി. കായികാധ്യാപകർ ജോലിയിൽനിന്നു വിരമിച്ചാൽ പുതിയ നിയമനം നടക്കാത്തതിനാൽ ആ തസ്തിക ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
തസ്തിക പുനഃക്രമീകരിച്ച ഉത്തരവ്
കായികാധ്യാപക തസ്തിക പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ കഴിഞ്ഞയിടെ പുറത്തിറക്കിയ ഉത്തരവും ഗുണകരമാകില്ലെന്നു പറയുന്നു. യുപിയിൽ അധ്യാപക വിദ്യാർഥി അനുപാതം 1: 500 എന്നത് 1: 300 എന്നാക്കിയിട്ടുണ്ട്. അപ്പോഴും തസ്തിക നിലനിർത്താനാകുന്നില്ലെങ്കിൽ യുപിയുടെ എൽപി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം കൂടി കണക്കാക്കാൻ നിർദേശമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ക്ലാസുകളിലായി അഞ്ച് ഡിവിഷനുകൾ പരിഗണിച്ച് നിയമനാംഗീകാരം നൽകാനും നിർദേശമുണ്ട്.
എന്നാൽ, ഇക്കൊല്ലം തസ്തിക നഷ്ടമാകുന്ന അധ്യാപകർക്കു മാത്രമേ പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കൂയെന്ന് കായികാധ്യാപക സംഘടനാ നേതാക്കൾ പറഞ്ഞു. നേരത്തേതന്നെ ജോലിക്കു പുറത്തായവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. തന്നെയുമല്ല, ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന അനുപാതം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ തസ്തികയ്ക്കു പ്രയോജനപ്പെടുന്നതുമല്ല. കായികാധ്യാപകരുടെ പ്രതിഷേധം കണക്കിലെടുത്ത് പുറത്തിറക്കിയ ഉത്തരവ് തങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നാണ് അധ്യാപകരുടെ പക്ഷം.
കായികമേളകൾക്ക് ആളില്ല
സ്കൂൾ കായികമേളകൾക്കു കുട്ടികളെ സജ്ജരാക്കാൻ അധ്യാപകരുടെ കുറവ് സാരമായി ബാധിക്കുന്നുണ്ട്. സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ പരിശീലനമില്ലായ്മ കളിക്കളങ്ങളിൽ പ്രതിഫലിച്ചു. അത്ലറ്റിക്സ് മത്സരങ്ങളും വഴിപാടായി മാറും.
സംസ്ഥാനാടിസ്ഥാനത്തിൽതന്നെ ശ്രദ്ധേയമായ മുന്നേറ്റം കുറിക്കാൻ കഴിവുള്ള കായികതാരങ്ങൾ ജില്ലയിലെ സ്കൂളുകളിലുണ്ടെങ്കിലും ഇവരെ പരിശീലിപ്പിച്ച് കളത്തിലിറക്കുന്നതിൽ പരാജയമാണ്. കുട്ടികൾ സ്വന്തം നിലയിൽ പരിശീലനം നേടിയാണ് കളത്തിലിറങ്ങുന്നത്. സർവീസിൽനിന്നു വിരമിച്ച അധ്യാപകരുടെയും മറ്റും കീഴിൽ പരിശീലനം നേടി വരികയാണ് കുട്ടികൾ പലരും. ഗ്രാമീണ മേഖലകളിൽ ഇതിനുള്ള സൗകര്യവും കുട്ടികൾക്കു ലഭിക്കുന്നില്ല. ഗ്രൗണ്ടുകളുടെയും കായിക ഉപകരണങ്ങളുടെയും അഭാവം പ്രശ്നമായി നിലനിൽക്കുന്പോഴാണ് പരിശീലനത്തിനും ആളില്ലാതായിരിക്കുന്നത്.
നടത്തിപ്പിനും ആളിറങ്ങണം
കായികാധ്യാപകരുടെ കുറവ് ഉപജില്ലാ മത്സരവേദികളെ സാരമായി ബാധിച്ചിട്ടുണ്ട്. സ്കൂൾ ഗെയിംസ് വേദികളിൽ ഇതു പ്രകടമായി. പുറമേനിന്ന് ആളെ എത്തിച്ചാണ് പലേടത്തും മത്സരങ്ങൾ പൂർത്തീകരിച്ചത്.
ജില്ലാതല മത്സരം ഒക്ടോബർ 14 മുതൽ 16 വരെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലാണ്.