സാംസ്കാരിക കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും അക്ഷരമെഴുതാൻ തിരക്ക്
1596432
Friday, October 3, 2025 3:14 AM IST
അറിവിന്റെ ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ
പത്തനംതിട്ട: അറിവിന്റെ ആദ്യാക്ഷരമെഴുതാൻ ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും തിരക്ക്. വിജയദശമി ദിനമായ ഇന്നലെ രാവിലെ മുതൽ അക്ഷര ലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകളുമായി രക്ഷിതാക്കൾ എത്തിത്തുടങ്ങിയിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായ ഇലവുംതിട്ട മൂലൂർ സ്മാരകത്തിലും നിരണം കണ്ണശ സ്മാരകത്തിലും കുട്ടികളെ എഴുത്തിനിരുത്തി.
മൂലൂർ സ്മാരകത്തിൽ മന്ത്രി വീണാ ജോർജും ഗുരുവായി എത്തി. കൂടാതെ കവി ഏഴാച്ചേരി രാമചന്ദ്രൻ, ഫാ.കെ.ജി. ഏബ്രഹാം കോട്ടോമഠത്തിൽ, എഴുത്തുകാരൻ പ്രഫ. മാലൂർ മുരളീധരൻ എന്നിവരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്തു. കണ്ണശ സ്മാരകത്തിലും സാംസ്കാരിക നായകൻമാരും എഴുത്തുകാരും വിദ്യാരംഭ ചടങ്ങിനു നേതൃത്വം നൽകി.
വെണ്ണിക്കുളത്ത് പ്രവാസി സംസ്കൃതി അസോസിയേഷന്റെയും മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ വിജയദശമിയോടനുബന്ധിച്ചുള്ള വിദ്യാരംഭം വെണ്ണിക്കുളം എംഡിഎൽപി സ്കൂളിൽ നടത്തി.
തുരുത്തിക്കാട് ബി.എ.എം കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് പാറക്കടവിൽ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവേൽ പ്രക്കാനം എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. സ്കൂൾ പ്രധാന അധ്യാപിക മിനി സൂസൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, വർഗീസ് മാത്യു , സൗമ്യ സന്തോഷ് എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഇരവിപേരൂർ ഒഇഎം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന വിദ്യാരംഭത്തിന് ബിഷപ് ഗീവർഗീസ് മാർ അപ്രേം, ഡോ. റൂബിൾ രാജ് എന്നിവർ നേതൃത്വം നൽകി.
അടൂർ കണ്ണങ്കോട് സെന്റ് തോമസ് കത്തീഡ്രലിൽ ഇടുക്കി ഭദ്രാസനാധിപൻ ഡോ.സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിപ്പിച്ചു. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷമാണ് വിദ്യാരംഭം നടന്നത്.
ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്ത് ചടങ്ങുകൾ നടന്നു. ആറന്മുള പാർഥസാരഥി ക്ഷേത്രം, മൂർത്തിട്ട ഗണപതി ക്ഷേത്രം, കല്ലേലിക്കാവ്, ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം, പന്തളം നവരാത്രി മണ്ഡപം, തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം, ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, റാന്നി തോട്ടമൺ കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ എഴുത്തിനിരുത്തിന് തിരക്കേറെ ഉണ്ടായി.
അടൂർ ഈവി കലാമണ്ഡലം, ഓമല്ലൂർ സരസ്വതി കലാക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ രീതിയിൽ വിദ്യാരംഭച്ചടങ്ങുകൾ നടന്നു. ആദ്യാക്ഷരമെഴുതിയതിനൊപ്പം വിവിധ കലകളിൽ ആരംഭം കുറിക്കാനും വേദിയൊരുക്കിയിരുന്നു.