തിലകൻ സ്മാരകവേദി സംസ്ഥാന നാടകോത്സവം റാന്നിയിൽ അരങ്ങേറി
1596191
Wednesday, October 1, 2025 6:14 AM IST
റാന്നി: കേരള സാംസ്കാരിക വകുപ്പും തിലകൻ സ്മാരക വേദിയും റാന്നി ഫാസും സംയുക്തമായി സംഘടിപ്പിച്ച നാടകോത്സവം മലയോര ഗ്രാമമായ റാന്നിയിൽ തീ ജ്വാലയായി മാറി. ഒന്നാം ദിവസം വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകവും രണ്ടാം ദിനം തിരുവനന്തപുരം അജന്തയുടെ വംശം എന്ന നാടകവും മൂന്നാം ദിനം കായംകുളം പീപ്പിൾസ് തിയേറ്റേഴ്സിന്റെ അങ്ങാടി കുരുവികളും മിന്നും പ്രകടനം കാഴ്ച വെച്ചു.
ഉദ്ഘാടന വേദിയിൽ എസ്എൽ പുരം സദാനന്ദൻ അവാർഡ് ജേതാവായ രാജു ഏബ്രഹാമിനെ വയലാർ ശരത്ചന്ദ്രവർമ ആദരിച്ചു. രണ്ടാം ദിവസം സംഗീതരംഗത്ത് പ്രശസ്തനായ കാട്ടൂർ ഹരികുമാറിനെ ചലച്ചിത്ര - കോമഡി ഷോ താരം നരിയാപുരം വേണുഗോപാൽ ആദരിച്ചു.
മൂന്നാം ദിനം നടന്ന പ്രോഗ്രാമിൽ നാടക പ്രവർത്തകൻ അപ്പി ഹിപ്പി വിനോദിനെ കോമളം അതിരുദ്ധൻ ആദരിച്ചു. സമാപന ദിവസമായ ഇന്ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ എന്ന നാടകവും അരങ്ങേറും.
തിലകൻ സ്മാരക എട്ടാമത് അവാർഡ് സമർപ്പണവും പ്രഫഷണൽ നാടക മത്സര ഉദ്ഘാടനവും പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. തിലകൻ സ്മാരകവേദി പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സാഹിത്യ അവാർഡ് ജേതാക്കളായ ഡോ. രാജാവാര്യർ (നാടക ഗ്രന്ഥം), മാത്യൂസ് കുര്യൻ പറമ്പൻ(കഥാസമാഹാരം ), ഡോ. സി. ഗണേഷ് (ബംഗാൾ ചരിത്ര നോവൽ ), മീരകൃഷ്ണ (സാഹിത്യം നിരൂപണം), പ്രകാശൻ തണ്ണീർമുക്കം (കേരള ചരിത്ര നോവൽ), മനു തുമ്പമൺ (കവിത സമാഹാരം), എന്നിവർക്കുള്ള സാഹിത്യ അവാർഡുകൾ വയലാർ ശരത്ചന്ദ്രവർമ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സ്മാരകവേദി സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, കെ.എം. ഏബ്രഹാം, എസ്. അജിത്ത്, ജോമോൻ കരിങ്കുറ്റിയിൽ, ബാജി രാധാകൃഷ്ണൻ, ജോർജ് എന്നിവർ പ്രസംഗിച്ചു.