രാജ്യത്തിന്റെ ഭരണഘടന അപകടത്തിൽ: ഹാരിസ് ബീരാൻ
1596190
Wednesday, October 1, 2025 6:14 AM IST
പത്തനംതിട്ട: ന്യൂനപക്ഷങ്ങൾ അനർഹമായവ നേടുന്നുവെന്ന വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ സ്പർധ ഉണ്ടാക്കുവാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നതായി സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ എംപി. കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന നേതൃസംഗമം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
രാജ്യത്തിന്റെ ഭരണഘടന അപകടകരമായ സാഹചര്യത്തെ നേരിടുകയാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലത്താണ് അനർഹമായി നേടുന്നു എന്ന പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. വിദ്വേഷം വളർത്തി ഭിന്നിപ്പാണ് ഇവർ ലക്ഷ്യമിടുന്നതെന്നും ഹാരിസ് ബീരാൻ അഭിപ്രായപ്പെട്ടു.
വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇഅത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, റ്റി.പി.എം.ഇബ്രാഹിം ഖാൻ, കെ.പി.മുഹമ്മദ് , സി.എ. മൂസ മൗലവി, കെ.എച്ച്.മുഹമ്മദ് മൗലവി, മുഹമ്മദ് സമീർ മൗലവി, പാങ്ങോട് കമറുദ്ദീൻ മൗലവി, സെയ്യദ് മുത്തുക്കോയ തങ്ങൾ ബാഫക്കി , കുറ്റിയിൽ ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.