ഗ്രാന്‍ഡ് സൗത്ത് കേരളാ ഖുര്‍ആന്‍ ഫെസ്റ്റ് നാളെ
1595876
Tuesday, September 30, 2025 2:53 AM IST
പത്തനംതിട്ട: ഗ്രാന്‍ഡ് സൗത്ത് കേരളാ ഖുര്‍ആന്‍ ഫെസ്റ്റ് തനാഫുസ് സീസൺ-2 നാളെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
അടൂര്‍ ഗ്രീന്‍വാലി കണ്വന്ഷന് സെന്ററില്‍ പത്തനംതിട്ട ജില്ലാ മഹല്‍ മെംബേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റ് രാവിലെ ഒമ്പതിന് ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാർ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അബ്ദുല്‍ മജീദ് കോട്ടവീട് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മല്സരാര്ഥികള് വിവിധ ഇനങ്ങളില്‍ രണ്ട് വേദികളിലായി പങ്കെടുക്കും. 3.30ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തനാഫുസ് സീസണ്-2 രക്ഷാധികാരി എ. അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിക്കും.
പാളയം മുന്‍ ഇമാം അബ്ദുല്‍ ഗഫ്ഫാര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഏബ്രഹാം മാര്‍ സെറാഫീം, അടൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. മഹേഷ്കുമാർ, ഡിഎംസിസി ചെയര്മാന് റിട്ട. ജില്ലാ ജഡ്ജി മുഹമ്മദ് ഇബ്രാഹിം വിശിഷ്ടാതിഥികളായിരിക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് ഖുര്‍ആന്‍ വിരുന്നും സമ്മാനദാനവും മാഹീന് ഹസ്രത്ത് മുദരിസ് ബാഖിയാത്തു സ്വാലിഹാത്ത്(വെല്ലൂർ), ഉസ്താത് ഷംസുമുബാറക്ക് ഹസ്രത്ത്, സയ്യിദ് ഗ്രാന്‍ഡ് മസ്ജിദ് അബുദാബി മുന്‍ ഇമാം ഡോ. ഖാരി അഹമ്മദ് നസീം അലി അഹമ്മദ് എന്നിവര്‍ നിര്‍വഹിക്കും.
പത്തനംതിട്ട ടൗണ്‍ ജമാഅത്ത് ചീഫ് ഇമാം എ. അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി, പന്തളം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷുഹൈബ്, കരുന്താനത്ത് അടൂര്‍ ജമാഅത്ത് പ്രസിഡന്റ് സലാഹുദ്ദീന്, അരുവാപ്പുലം ബദ്റിയ മുസ്ലീം ജമാഅത്ത് സെക്രട്ടറി സജീവ് കല്ലേലി, നഹാസ് ഫാത്തിമ പത്തനംതിട്ട എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.