കോന്നി മെഡിക്കൽ കോളജ് ഒപിയിൽ തിരക്കേറുന്നു
1595882
Tuesday, September 30, 2025 3:05 AM IST
കോന്നി: സർക്കാർ മെഡിക്കൽ കോളജ് ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തുന്നവരുടെ എണ്ണത്തിൽ വർധന. പ്രതിദിനം 1500ൽ അധികം ആളുകൾ വിവിധ വിഭാഗങ്ങളിലായി മെഡിക്കൽ കോളജ് ഒപിയിൽ എത്തുന്നുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കിടത്തി ചികിത്സാ സൗകര്യങ്ങൾ പരിമിതപ്പെടുത്തിയതിനു പിന്നാലെ മെഡിക്കൽ കോളജ് പ്രവർത്തനം കൂടുതൽ സജീവമാക്കാനായിരുന്നു തീരുമാനം.
എന്നാൽ, മെഡിക്കൽ കോളജിലെത്താനുള്ള യാത്രാ സൗകര്യം കുറവായതിനാൽ രോഗികളിൽ നല്ലൊരു പങ്കും ഇപ്പോഴും ജനറൽ ആശുപത്രിയിലെത്തുകയാണ്. ഇവിടെ നിന്ന് തുടർ ചികിത്സയും ശസ്ത്രക്രിയയും ആവശ്യമുള്ളവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് രീതി. രോഗികൾ പ്രാഥമിക പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളജിലേക്ക് എത്തുന്നതാണ് ക്രമീകരണമെങ്കിലും നേരിട്ടെത്തുന്നവരെയും ഒപിയിൽ പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ കോളജിൽ പ്രധാനപ്പെട്ട എല്ലാ ചികിത്സാ വിഭാഗങ്ങളും സജീവമായതും ജനറൽ ആശുപത്രിയിലെ ഐപി വിഭാഗം അവിടേക്കു മാറ്റിയതും കാരണമാണ് തിരക്ക് വർധിച്ചത്. ഓർത്തോപീഡിക്, ഗൈനക്കോളജി വിഭാഗങ്ങളിലാണ് തിരക്ക് വർധിച്ചത്. ഈ രണ്ട് വിഭാഗങ്ങളു ജനറൽ ആശുപത്രിയിൽനിന്നു പൂർണമായി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു. ഗൈനക്കോളജി വിഭാഗത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിവന്നവരെ മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുതുതായി തുടങ്ങിയ ഓർഡിനറി സർവീസ് കോന്നി മെഡിക്കൽ കോളജിലേക്കുള്ള യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. കോന്നിയിൽനിന്നു മെഡിക്കൽ കോളജ് വരെയെത്താനുള്ള യാത്രാക്ലേശം ഒരു പരിധിവരെ ഒഴിവാക്കുന്ന തരത്തിലാണ് പുതിയ ബസ് സർവീസ്.
ളാക്കൂരിനും ആശ്വാസം
പത്തനംതിട്ട - കോന്നി മെഡിക്കൽ കോളജ് കെഎസ്ആർടിസി ബസ് വന്നെത്തിയതോടെ ളാക്കൂർ നിവാസികൾ ആവേശത്തിലായി. പത്തനംതിട്ടയിൽനിന്ന് ഇന്നലെ രാവിലെ 8.45ന് പുറപ്പെട്ട ബസ് പ്രമാടം, പൂങ്കാവ്, ളാക്കൂർ വഴി ഒന്പതിന് പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്പിലെത്തിയതോടെ നാട്ടുകാർ സ്വീകരണം നൽകി.
കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്കും മന്ത്രി കെ.ബി. ഗണേഷ് കുമാറിനും അഭിനന്ദനം അർപ്പിച്ചുള്ള ബാനറും പൂമാലകളും കെട്ടി നാട്ടുകാർ ബസിനെ വർണാഭമാക്കി. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവർക്കു സ്നേഹാദരങ്ങൾ നൽകി. സ്വീകരണത്തിനു ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെ പഞ്ചായത്ത് ഓഫീസ് കവലയിൽനിന്നു ബസിൽ കയറി തൊട്ടടുത്ത ബസ് സ്റ്റോപ്പുവരെ യാത്ര ചെയ്യുകയും ചെയ്തു. ളാക്കൂർ വഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് നിർ ത്തലാക്കിയിട്ട് വർഷമേറെയായി. പുതിയ ബസ് സർവീസ് ആരംഭിച്ചത് ജനങ്ങൾക്കു വളരെ ഉപകാരമായി. സർക്കാർ പുതിയതായി നിരത്തിലിറക്കിയ ന്യൂ ബ്രാൻഡ് 9 മീറ്റർ ഓർഡിനറി ബസ് ആണിത്. പുതിയ ബസ് ആയതിനാൽ രണ്ട് ഡ്രൈവർമാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.