89 സ്കൂൾ കെട്ടിടങ്ങൾക്ക് സുരക്ഷാ സർട്ടിഫിക്കറ്റില്ല
1596427
Friday, October 3, 2025 3:14 AM IST
പത്തനംതിട്ട: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ 89 കെട്ടിടങ്ങൾക്കു സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ല. സർക്കാർ, എയഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അധ്യയന വർഷാരംഭത്തിലും തൊട്ടുപിന്നാലെയുമായി നടന്ന പരിശോധനകളിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്.
അധ്യയന വർഷാരംഭത്തിൽ ഫിറ്റ്നസ് ലഭിച്ച പല കെട്ടിടങ്ങൾക്കും തേവലക്കര ഗവൺമെന്റ് ബോയ്സ് സ്കൂളിലെ വിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിനു പിന്നാലെ നടന്ന പരിശോധയിൽ സുരക്ഷാ സർട്ടിഫിക്കറ്റ് നിഷേധിച്ചു.
പകുതി എയ്ഡഡ് മേഖലയിൽ
സുരക്ഷാ പരിശോധനയിൽ കെട്ടിടങ്ങൾ അധ്യയനത്തിനു യോജിച്ചതല്ലെന്നു റിപ്പോർട്ട് ലഭിച്ചിട്ടുള്ള 89 സ്കൂളുകളിൽ പകുതിയോളം എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. നേരത്തെതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഒഴിച്ചിട്ടിരുന്നതും എന്നാൽ, പൊളിച്ചുനീക്കാൻ അനുമതി ലഭിക്കാത്തതുമായ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത്തരം കെട്ടിടങ്ങൾ നേരത്തെ തന്നെ ഒഴിച്ചിട്ടുള്ളവയാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അപകടകരമായ അവസ്ഥയിലായിട്ടും ഈ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ അനുമതി വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നില്ല.
വകുപ്പ് അനുമതി നൽകിയാൽതന്നെ പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് തുടർ നടപടി സ്വീകരിക്കേണ്ടത്. സ്കൂൾ കെട്ടിടങ്ങളുടെ മേൽക്കൂര ഓട് മാറി ജിഐ ഷീറ്റ് ഇട്ടവയ്ക്ക് ഉൾപ്പെടെ അനുമതി നിഷേധിച്ചവയിൽ ഉൾപ്പെടുന്നു.
വാടകക്കെട്ടിടങ്ങളിൽ മൂന്ന് എൽപിഎസുകൾ
ജില്ലയിലെ മൂന്ന് എൽപി സ്കൂളുകൾ നിലവിൽ വാടക കെട്ടിട്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവയുടെ കെട്ടിടങ്ങൾ ശോച്യാവസ്ഥയിലായതിനെത്തുടർന്ന് പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടിക്കായി പൊളിച്ചുമാറ്റിയതാണ് പ്രശ്നമായത്. പുതിയ കെട്ടിടം സമയബന്ധിതമായി പണി പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിൽ വാടകകെട്ടിടങ്ങളിലേക്കാണ് സ്കൂളുകൾ മാറ്റിയത്. എന്നാൽ, പണികൾ അനിശ്ചിതമായി നീളുന്നുവെന്ന പരാതി നിലനിൽക്കുന്നു.
പ്ലാങ്കമൺ ഗവൺമെന്റ് എൽപി സ്കൂളിനു പുതിയ കെട്ടിടം നിർമിക്കുന്നതിലേക്കു സ്കൂളിന്റെ പ്രവർത്തനം തൊട്ടടുത്ത അയിരൂർ കർമേൽ അഗതി മന്ദിരത്തിലേക്കാണ് മാറ്റിയത്. മാസങ്ങൾ ഏറെ കഴിഞ്ഞിട്ടും സ്കൂൾ കെട്ടിടത്തിന്റെ പണി തുടങ്ങാനായിട്ടില്ല. ഇതോടെ മന്ദിരത്തിന്റെ കെട്ടിടം ഒഴിഞ്ഞുകിടക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ജിഎൽപിഎസ്, കോട്ടാങ്ങൽ, ഗവ. ന്യൂ എൽപിഎസ്, ചാത്തങ്കരി എന്നിവയും തൊട്ടടുത്ത വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിനു സുരക്ഷയില്ലെന്ന പേരിൽ ചില എയ്ഡഡ് സ്കൂളുകളും നിലവിൽ വീടുകളിലോ സമീപത്തെ കെട്ടിടങ്ങളിലോ ഒക്കെ പ്രവർത്തിക്കുന്നുണ്ട്.
ഉത്തരവാദി വിദ്യാഭ്യാസ വകുപ്പ്
പത്തനംതിട്ട: സ്കൂളുകളിൽ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് പല സ്കൂൾ കെട്ടിടങ്ങൾക്കും സുരക്ഷാ പരിശോധനകളിൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ പോകാൻ കാരണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനു സംരക്ഷണം നൽകേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്നതു കൊണ്ടാണ് ഇത്രയധികം സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയതെന്നു ജില്ലാ പ്രസിഡന്റ് പി. ചാന്ദിനി പറഞ്ഞു.
പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും നിർമാണാനുമതി ലഭിച്ചവ സമയബന്ധിതമായി പൂർത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പിനു കഴിയുന്നില്ലെന്നും എഎച്ച്എസ്ടിഎ കുറ്റപ്പെടുത്തി.
ആറന്മുള വിഎച്ച്എസ്എസിൽ അടഞ്ഞത് പ്രധാന കെട്ടിടം
ആറന്മുള ഗവൺമെന്റ് എച്ച്എസ്എസിലെ ഒരു കെട്ടിടത്തിനുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് രണ്ടാമത്തെ പരിശോധനയ്ക്കു ശേഷമാണ്. ഇതോടെ പ്രധാന കെട്ടിടങ്ങളിലൊന്നാണ് അടച്ചിട്ടത്.
ആറന്മുള വിഎച്ച്എസ്എസിൽ ഹൈസ്കൂൾ ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു സീലിംഗ് അടർന്നു വീഴുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് അടച്ചിട്ടത്. വിഎച്ച്എസ്എസ് വിഭാഗത്തിന്റെ രണ്ട് ക്ലാസ്മുറികളും വിവിധ ലാബുകളും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
സ്കൂൾ ഓഡിറ്റോറിയത്തിലാണ് നിലവിൽ ക്ലാസ് മുറികൾ പുനഃക്രമീകരിച്ചതെങ്കിലും സ്ഥലപരിമിതിയും ക്ലാസുകൾ തമ്മിൽ വേർതിരിവുകൾ ഇല്ലാത്തതും പ്രശ്നമാകുന്നുണ്ട്. സമാനമായ സാഹചര്യത്തിൽ കെട്ടിട അനുമതി നിഷേധിക്കപ്പെട്ട സ്കൂളുകളിലും ക്ലാസ് മുറികളുടെ കുറവ് പഠാനന്തരീക്ഷത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.