മുഖ്യമന്ത്രിയുടെ സന്ദേശം; അവധി ദിനത്തിൽ പൊല്ലാപ്പായി
1596433
Friday, October 3, 2025 3:14 AM IST
പത്തനംതിട്ട: ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ സന്ദേശത്തിന്റെ പ്രിന്റഡ് കോപ്പികൾ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എത്തിക്കണമെന്ന കർശന നിർദേശം അവധിദിനത്തിൽ അധ്യാപകർക്ക് പൊല്ലാപ്പായി. ഇങ്ങനെയൊരു സന്ദേശത്തിന്റെ വിവരം പുറത്തുവന്നത് ചൊവ്വാഴ്ചയാണ്. ചൊവ്വാഴ്ച മുതൽ മൂന്നുദിനം സ്കൂൾ അവധിയായിരുന്നു.
സന്ദേശം പ്രിന്റു ചെയ്ത് വിദ്യാഭ്യാസ ഓഫീസർമാർ മുഖേന എത്തുമെന്നും ഇത് പ്രഥമാധ്യാപകർ ഏറ്റുവാങ്ങി ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾക്ക് കൈമാറാനുമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള നിർദേശം.
എന്നാൽ പ്രിന്റഡ് കോപ്പി ലഭിക്കാനുണ്ടായ കാലതാമസം കാരണം രണ്ടുദിവസവും അധ്യാപകർക്കു പണി കിട്ടിയപോലെയായി. പത്തനംതിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്ന് കോപ്പികൾ വിതരണം ചെയ്തത് ബുധനാഴ്ച രാവിലെ 11നുശേഷം. മഹാനവമിയുടെ അവധിയായിരുന്നിട്ടും എല്ലാ വിദ്യാഭ്യസാ ഓഫീസുകളിലും ജീവനക്കാർക്ക് സന്ദേശവിതരണം പൊല്ലാപ്പായി മാറി.
രാവിലെ ക്ഷേത്രങ്ങളിൽ പോകാൻ പോലും പലർക്കുമായില്ല. വിദ്യാഭ്യാസ ഓഫീസർമാർ കോപ്പികൾ ഏറ്റുവാങ്ങി ഓഫീസുകളിലെത്തിച്ച് പ്രഥമാധ്യാപകർക്ക് ബുധനാഴ്ച ഉച്ചയോടെ നൽകി. ഗാന്ധിജയന്തി ദിനത്തിൽ ചില സ്കൂളുകളിൽ മാത്രമാണ് ശുചീകരണ പരിപാടികളും മറ്റും ക്രമീകരിച്ചിരുന്നത്.
മറ്റിടങ്ങളിലാകട്ടെ സന്ദേശങ്ങൾ എത്തിക്കുകയെന്നത് ബാധ്യതയായി മാറി. പ്രഥമാധ്യാപകർ അധ്യാപകരുടെ സഹകരണത്തോടെ ഇവ കുട്ടികളുടെ വീടുകളിലെത്തിക്കാനായിരുന്നു നിർദേശം. പൂജ അവധിക്കാലത്ത് മറ്റ് പരിപാടികൾ ആലോചിച്ചുറപ്പിച്ചിരുന്ന അധ്യാപക സമൂഹത്തിന് സന്ദേശം വിതരണം അങ്ങനെ പൊല്ലാപ്പായി മാറി.
സന്ദേശവിതരണം ബഹിഷ്കരിച്ചതായി കെപിഎസ്ടിഎ
പത്തനംതിട്ട: ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യണമെന്ന് ഇറക്കിയ സർക്കാർ ഉത്തരവ് രാഷ്ട്രീയപ്രേരിതവും ഗാന്ധിജിയോടുള്ള അനാദരവുമാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.
ഗാന്ധിജയന്തിയും പൂജ അവധിയും നേരത്തേ അറിയുന്നതാണ്. അധ്യാപകരുടെ ഒഴിവുദിനം നഷ്ടപ്പെടുത്തിയിട്ടുള്ള സന്ദേശ വിതരണത്തിൽ നിന്നും സംഘടന വിട്ടുനിന്നതായും ഭാരവാഹികൾ അറിയിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയെ അനുസ്മരിക്കുന്നതിനു പകരം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി അധ്യാപകരേയും വിദ്യാർഥികളെ ഉപയോഗപ്പെടുത്താനുള്ള ഗൂഢശ്രമം അധ്യാപകർ തള്ളിയെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.