അപകടമൊഴിയാതെ എംസി റോഡ്; സുരക്ഷാ സംവിധാനങ്ങള്‍ പാളി
1596192
Wednesday, October 1, 2025 6:14 AM IST
പന്തളം: ഒന്നാമത്തെ സംസ്ഥാന പാതയായ എംസി റോഡില്‍ കുളനടയ്ക്കും ഏനാത്തിനു മധ്യേ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. എംസി റോഡ് നവീകരണത്തിനു പിന്നാലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിലേക്കു റോഡിനു പ്രത്യേകമായ സുരക്ഷാ പദ്ധതി തയാറാക്കി നവീകരിച്ചിരുന്നു. എന്നാല്‍, അപകടങ്ങള്‍ കുറയ്ക്കാന്‍ ഇതു പര്യാപ്തമായില്ല. സുരക്ഷാ ഇടനാഴി വികസിപ്പിച്ച് അപകടങ്ങള്‍ കുറയ്ക്കാന്‍ തയാറാക്കിയ പദ്ധതികളും പ്രയോജനപ്പെട്ടില്ല.
സംസ്ഥാനത്തെ വാഹനാപകടങ്ങളുടെ എണ്ണമെടുത്താല്‍ കേരളത്തിലെ എണ്ണപ്പെട്ട ഹോട്ട്സ്പോട്ടുകളായി ഏനാത്തിനും കുളനടയ്ക്കും മധ്യേയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടും. സംസ്ഥാനത്തുതന്നെ അപകടങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സ്ഥലങ്ങള്‍ എന്ന നിലയിലാണ് എംസി റോഡിലെ സുരക്ഷ ഇടനാഴി 2021ല്‍ വികസിപ്പിച്ചത്.
വളവിൽ വീതി കുറഞ്ഞു
കോടിക്കണക്കിനു രൂപ മുടക്കി എംസി റോഡ് വികസിപ്പിക്കുകയും സുരക്ഷാ ഇടനാഴിക്കായി നവീകരിക്കുകയും ചെയ്തെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രാഥമിക സംവിധാനങ്ങള്‍ ഇപ്പോഴുമില്ല.
ഏനാത്ത്, പുതുശേരി, കിളിവയൽ, വടക്കടത്തുകാവ്, അടൂര്‍ ബൈപാസ്, പറന്തൽ, മിത്രപുരം, കുരമ്പാല, പന്തളം, കുളനട ഭാഗങ്ങളെല്ലാം അപകട സാധ്യതാ മേഖലകളായി പരിഗണിച്ചിരുന്നു. നേരത്തെയുള്ള അപകടങ്ങളുടെ നിരക്ക് കണക്കിലെടുത്ത് ഈ പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പോലീസും മോട്ടോര്‍ വാഹനവകുപ്പും നിശ്ചയിക്കുകയും ചെയ്തിരുന്നു.
ഏനാത്തിനു സമീപം ഏറ്റവുമധികം അപകടം നടന്ന കുളക്കട മേഖലയില്‍ രണ്ട് പ്രധാന വളവുകളുണ്ട്. റോഡ് നവീകരിച്ചു കഴിഞ്ഞപ്പോള്‍ വളവുകളുടെ വിസ്തൃതി 25 മീറ്ററായി കുറയുകയായിരുന്നു. ഏനാത്ത് പാലം മുതല്‍ പെട്രോള്‍ പമ്പുവരെ റോഡ് നേര്‍രേഖയാണ്. മൂന്ന് ഉപറോഡുകള്‍ ചേരുന്ന പുതുശേരിഭാഗം കവലയും അപകടമേഖലയാണ്. മിത്രപുരം മുതല്‍ പറന്തല്വരെയുള്ള ഭാഗത്തും വളവുകളാണ് അപകടം വരുത്തിവയ്ക്കുന്നത്. കുളനടയിലും സമാനമായ വിഷയമാണുള്ളത്.
അപകടങ്ങളേറെയും പുലര്‍ച്ചെ
തിരക്കേറിയ എംസി റോഡിലെ അപകടങ്ങളേറെയും പുലര്‍ച്ചെയാണ് സംഭവിക്കുന്നത്. അമിത വേഗം കാരണമായി ചൂണ്ടിക്കാട്ടാമെങ്കിലും ഡ്രൈവര്‍മാരില്‍ നല്ലൊരു പങ്കും ഉറങ്ങിപ്പോകുന്നതാണ് അപകടത്തിലേക്കു നയിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. വിമാനത്താവളങ്ങളിലും പോയി മടങ്ങുന്നവരടക്കമാണ് അപകടത്തില്‍പ്പെടുന്നത്. അപകടങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക് നടത്തിയ നടത്തിയ പഠനവും അവഗണിച്ചു.
കുരമ്പാലയില്‍ വീണ്ടും അപകടം
പന്തളം: അടൂര്‍ - പന്തളം റൂട്ടില്‍ കുരമ്പാലയ്ക്കു സമീപം തോപ്പില്‍ ജംഗ്ഷനില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നിലായി വീണ്ടും അപകടം. ഇന്നലെ ഉച്ചയ്ക്ക് അടൂരില്‍ നിന്നു വരികയായിരുന്ന കാര്‍ റോഡില്‍ തിരിക്കുമ്പോള്‍ എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കുരമ്പാല പത്തിരിപ്പടിയില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. അവരില്‍ ഒരാള്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു.