അത്തിക്കയം- മന്ദമരുതി റോഡിന്റെ നിർമാണ ജോലികൾ ആരംഭിച്ചു
1595888
Tuesday, September 30, 2025 3:05 AM IST
റാന്നി: അത്തിക്കയം - കക്ക ുടുമൺ - മന്ദമരുതി റോഡിന്റെ സ്റ്റോറുംപടി വരെയുള്ള ഭാഗത്തെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാർ ശബരിമല റോഡ് പാക്കേജുകൾ ഉൾപ്പെടുത്തി 12 കോടി രൂപ ചെലവഴിച്ചാണ് റോഡ് ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നത്.
ഒരു വർഷം മുമ്പ് റോഡിന്റെ പണികൾ ആരംഭിച്ചിരുന്നുവെങ്കിലും മന്ദമരുതി മുതലുള്ള ഭാഗത്ത് ജല അഥോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതു മൂലം പ്രവൃത്തികൾ വൈകിയിരുന്നു. നടപടികൾ പൂർത്തിയാക്കിയതിനുശേഷം നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ തുടങ്ങിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാലും കരാറുകാരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും കാരണം പണികൾ നീണ്ടുപോയി.
റോഡിനു സമീപം പ്രവർത്തിക്കുന്ന പാറമടയിൽ നിന്നുള്ള ഭാരവാഹനങ്ങൾ ഉൾപ്പെടെ കയറി റോഡ് കാൽനട പോലും ദുഃസഹമാകും വിധം തകർന്നിരുന്നു. പൊതുമരാമത്ത് മന്ത്രിക്കും ചീഫ് എൻജിനിയർക്കും കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തിന്റെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച് മോശമായ റോഡിന്റെ ഭാഗങ്ങളിൽ കൂടുതൽ ജിഎസ്പിയും മണലുമിട്ട് ഉറപ്പിക്കുന്നതിനുള്ള നിർദ്ദേശം കരാറുകാർക്ക് നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
ബിഎം ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിന്റെ പേമരുതി മുതൽ കക്കുടുമൺ വരെയുള്ള 1.2 കിലോമീറ്റർ റോഡിന്റെ ബിഎം ടാറിംഗ് പൂർത്തിയായിട്ടുണ്ട്.രണ്ടാം റീച്ചായ കക്കുടുമൺ മുതൽ സ്റ്റോറുംപടി വരെയുള്ള 3.25 കിലോമീറ്റർ റോഡിൽ ടാറിംഗും പൂർത്തിയായി. അത്തിക്കയം മുതൽ പേമരുതി വരെയുള്ള ആദ്യ റീച്ചിന്റെ 1.5 കിലോമീറ്റർ ടാറിംഗ് ഇതോടോപ്പം തന്നെ ആരംഭിക്കും.
മന്ദമരുതി മുതലുള്ള ഭാഗത്തെ ടാറിംഗ് കൂടി പൂർത്തിയായ ശേഷം റോഡിൽ ബിസി ടാറിംഗും റോഡ് സുരക്ഷാ പ്രവർത്തികളും ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.