സ്വാമി അയ്യപ്പൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ഇന്ന്
1595874
Tuesday, September 30, 2025 2:53 AM IST
പന്തളം : നഗരസഭ പുതുതായി ആരംഭിക്കുന്ന സ്വാമി അയ്യപ്പൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം ഇന്ന്. പന്തളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തായി നഗരസഭ കണ്ടെത്തിയ സ്ഥലത്താണ് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആരംഭിക്കുന്നത്.
പ്രവേശന കവാടത്തിൽ സ്വാമി അയ്യപ്പൻ മുനിസിപ്പൽ ബസ് ടെർമിനൽ പന്തളം എന്ന ബോർഡ് സ്ഥാപിച്ച് കഴിഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പുതിയ പേര് കൗൺസിൽ ഭരണസമിതി നിശ്ചയിച്ചത് ഏകകണ്ഠമായിട്ടാണെന്ന് ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ പറഞ്ഞു. ബസുകൾ പുറത്തേക്ക് പോകാൻ പുതിയ റോഡിന്റെ നിർമാണവും അവസാനഘട്ടത്തിലാണ് .പന്തളത്തെ പഴയ പബ്ലിക് മാർക്കറ്റ് നിന്നിരുന്ന സ്ഥലത്താണ് പുതിയ ബസ് സ്റ്റാൻഡ്.
ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിക്കും. വിശിഷ്ടാതിഥികളെ നഗരസഭ ഓഫീസിൽ നിന്നും സ്വീകരിച്ച് സമ്മേളനത്തിൽ എത്തിക്കും.
പത്തുദിവസങ്ങൾക്കുള്ളിൽ പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൂർണസജ്ജമാകും. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതാണ് കാലതാമസത്തിനു കാരണമെന്ന് ചെയർമാൻ പറഞ്ഞു.