പരുമല ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കണം
1595606
Monday, September 29, 2025 4:00 AM IST
പത്തനംതിട്ട: ചെങ്ങന്നൂര്‍ -മാന്നാര്‍ റോഡില്‍ പരുമല ആശുപത്രി ജംഗ്ഷനിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് മാത്യു ടി. തോമസ് എംഎല്‍എ ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ചുമത്ര മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഘടന രൂപരേഖ കാലതാമസമില്ലാതെ ലഭ്യമാക്കണം.
ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനര്‍നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ എംഎല്എഫണ്ട് വഴി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അനുമതി ലഭിച്ചവ ഉടന്‍ പൂര്‍ത്തിയാക്കണം. വരട്ടാര്‍ പാലം - ഓതറ റോഡ്, നെടുമ്പ്രംപുതിയകാവ് സര്‍ക്കാര്‍ ഹൈസ്കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നതായും എംഎല്‍എ അറിയിച്ചു.
അമീബിക് മസ്തിഷ്ക ജ്വരം തടയാന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന് പറഞ്ഞു. എല്ലാ വീടുകളിലും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതിന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ നടപടി സ്വീകരിക്കണം.
സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുയിടങ്ങള്‍ എന്നിവ ഭിന്നശേഷി സൗഹൃദമാക്കാന്‍ സാമൂഹികനീതി വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.