ശുചിത്വ സന്ദേശ യാത്രയുമായി ജില്ലാ ശുചിത്വ മിഷൻ
1595887
Tuesday, September 30, 2025 3:05 AM IST
പത്തനംതിട്ട: ശുചിത്വ സന്ദേശ യാത്രയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. പോലീസ് സ്റ്റേഷനുകൾ, റസ്റ്റ് ഹൗസുകൾ, ആശുപത്രികൾ, കോളജുകൾ എന്നിവിടങ്ങളിൽ ശുചിത്വ മിഷൻ സന്ദർശനം നടത്തി.
ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കുന്നതരത്തിലുള്ള കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 കാന്പെയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ജില്ലാ ശുചിത്വ മിഷൻ സംഘം പര്യടനം നടത്തിയത്. ശുചിത്വ സന്ദേശ യാത്ര എന്ന പേരിൽ നടത്തുന്ന സന്ദർശത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലും സംഘം ശുചിത്വ സന്ദേശവുമായി എത്തും.
ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പോലീസ് സ്റ്റേഷനുകൾ, റസ്റ്റ് ഹൗസുകൾ, ആരാധനാലയങ്ങൾ, സ്വകാര്യ ആശുപത്രികൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, കുട്ടികളുടെ പാർക്കുകൾ, പബ്ലിക്ക് മാർക്കറ്റുകൾ എന്നിവയിലൂടെ മനോഭാവ മാറ്റ, ബോധവത്കരണ കാന്പെയിൻ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിലൂടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളുമായി നേരിട്ടു സംവദിക്കുന്നതും യാത്രയുടെ ലക്ഷ്യമാണ്.
ഇലന്തൂർ, പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലൂടെയുളള യാത്രസംഘം പൂർത്തിയാക്കി. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (എസ്ഡബ്ല്യുഎം) ആദർശ് പി. കുമാർ, റാന്നി- മല്ലപ്പള്ളി റിസോഴ്സ് പേഴ്സൺ അശ്വതി വിജയൻ എന്നിവരാണ് ശുചിത്വ സന്ദേശയാത്രയിലെ അംഗങ്ങൾ. സ്വച്ഛ്താ ഹി സേവ 2025 കാന്പെയിന്റെ ഭാഗമായുളള ശുചിത്വ സന്ദേശയാത്ര ഇന്ന് പൂർത്തിയാകും.