റാന്നിയിൽനിന്ന് ചിങ്ങവനത്തേക്ക് മാർ ക്ലീമിസ് അനുസ്മരണ യാത്ര
1595886
Tuesday, September 30, 2025 3:05 AM IST
റാന്നി: ക്നാനായ സമുദായത്തെ 52 വർഷം നയിച്ച കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത ഏബ്രഹാം മാർ ക്ലീമിസ് മെത്രാപ്പോലീത്തയുടെ 23 -ാമത് ശ്രാദ്ധപ്പെരുന്നാളിന്റെ ഭാഗമായി മാതൃദേവാലയമായ റാന്നി സെന്റ് തോമസ് വലിയപള്ളിയിൽ നിന്ന് ആരംഭിച്ച് മാർ ക്ലീമിസ് അനുസ്മരണയാത്ര ഇന്നലെ വൈകുന്നേരം ചിങ്ങവനം ദയറാപ്പള്ളിയിൽ എത്തി കബറിങ്കൽ ധൂപപ്രാർഥന നടത്തി അനുഗ്രഹം പ്രാപിച്ച് സമാപിച്ചു.
അനുസ്മരണ പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ഏബ്രഹാം അനുസ്മരണ സന്ദേശം നൽകി. മുൻ എംഎൽഎ രാജു ഏബ്രഹാം അനുസ്മരണയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പ്രസിഡന്റ് ഫാ. തോമസ് ഏബ്രഹാം കടപ്പനങ്ങാട്ട്, റാന്നി വലിയപള്ളി വികാരി ഫാ. എം. സി. സക്കറിയ മധുരംകോട്ട്, സെക്രട്ടറി സ്മിജു ജേക്കബ് മറ്റക്കാട്ട്, ട്രഷറർ എം. സി. ഏബ്രഹാം മുരിക്കോലിപ്പുഴ, ഫാ. രാജൻ കുളമട, ഫാ. അനൂപ് സ്റ്റീഫൻ, ഫാ. കെ. എ. ചെറിയാൻ കൂട്ടോത്ര, ഫാ. സ്റ്റേഫിൻ പുളിമൂട്ടിൽ, ഫാ. ഫിലിപ്പ് വയലാ, ഫാ. ജിബി ജോസഫ്, തോമസുകുട്ടി മണിമലേത്ത്, പ്രസാദ് സ്റ്റീഫൻ കാവുങ്കപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.
റാന്നി വലിയപള്ളിയിൽ നിന്ന് ആരംഭിച്ച അനുസ്മരണ യാത്രയ്ക്ക് അങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി, ഐത്തല സെന്റ് കുറിയാക്കോസ് ക്നാനായ പള്ളി, ചെറുകുളഞ്ഞി സെന്റ് മേരീസ് കുരിശുപള്ളി, ഇട്ടിയപ്പാറ സെന്റ് മേരീസ് സിംഹാസനപള്ളി, ഇട്ടിയപ്പാറ സെന്റ് മേരീസ് കുരിശുപള്ളി, വ്യാപാരി വ്യവസായി ഏകോപന സമിതി, എൻഎസ്എസ് താലൂക്ക് ആസ്ഥാനം, റാന്നി ഗ്രാമപഞ്ചായത്ത് കമ്മിറ്റി, എംഎസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം സെന്റ് മേരീസ് കുരിശുപള്ളി, റാന്നി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചങ്ങവനത്ത് എത്തിച്ചേർന്നു.