സാംസ്കാരിക കേന്ദ്രങ്ങളിൽ നാളെ വിദ്യാരംഭം
1596184
Wednesday, October 1, 2025 6:14 AM IST
പത്തനംതിട്ട: ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്കായി നാളെ ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും നവരാത്രി മണ്ഡപങ്ങളിലും വിദ്യാരംഭത്തിനുള്ള ക്രമീകരണം.
ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകം, കടപ്ര കണ്ണശ സ്മാരകം, കടമ്മനിട്ട രാമകൃഷ്ണൻ സ്മാരകം എന്നിവിടങ്ങളിൽ സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ കുട്ടികളെ എഴുത്തിനിരുത്തും. വിദ്യാലയങ്ങളിലും ക്ഷേത്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്താനുള്ള ക്രമീകരണങ്ങളുണ്ടാകും.
ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ രാവിലെ 7.30ന് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് കവി ഏഴാച്ചേരി രാമചന്ദ്രൻ, ഫാ. കെ.സി. ഏബ്രഹാം കോട്ടാമഠത്തിൽ, പ്രഫ. മാലൂർ മുരളീധരൻ എന്നിവർ നേതൃത്വം നൽകും.
വെണ്ണിക്കുളം: പ്രവാസി സംസ്കൃതി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോടനുബന്ധിച്ച് നാളെ രാവിലെ ഒന്പതു മുതൽ വെണ്ണിക്കുളം എംഡിഎൽപി സ്കൂളിൽ കുട്ടികളെ എഴുത്തിനിരുത്തും.
തുരുത്തിക്കാട് ബിഎഎം കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് പാറക്കടവിൽ , വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവേൽ പ്രക്കാനംഎന്നിവർ ഗുരുക്കന്മാരാകും.
രജിസ്ട്രേഷന് 9947736043 നന്പരിൽ വിളിക്കണം.അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നാളെ രാവിലെ വിദ്യാരംഭം ഉണ്ടാകും. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കും.
ഇരവിപേരൂർ ഒഇഎം സ്കൂളിൽ രാവിലെ ഒന്പതിനാരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ബിഷപ് ഗീവർഗീസ് മാർ അപ്രേം, ഡോ. റൂബിൾ രാജ് എന്നിവർ നേതൃത്വം നൽകും.
നവരാത്രി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പന്തളം നവരാത്രി മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ഏഴിന് ആരംഭിക്കും. കോട്ടാങ്ങൽ ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 7.30 മുതൽ മേൽശാന്തി മനു നാരായണൻ ശർമയുടെ മുഖ്യ കാർമികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
കൈപ്പട്ടൂർ അമ്മൻകോവിലിൽ നവരാത്രി പൂജകളുടെ സമാപനമായി രാവിലെ ഏഴു മുതൽ വിജയദശമി ആഘോഷവും വിദ്യാരംഭവും ഉണ്ടാകും. പെരിങ്ങര എസ്എൻഡിപി ശാഖയുടെ ഗുരുവാണീശ്വരം സരസ്വതീ ക്ഷേത്രത്തിൽ നാളെ രാവിലെ 7.45 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം. തട്ടയിൽ ഒരിപ്പുറത്ത് ക്ഷേത്രത്തിൽ വിദ്യാരംഭം രാവിലെ എട്ടിന് ആരംഭിക്കും.
കലകളിൽ വിദ്യാരംഭം
പത്തനംതിട്ട: ജില്ലാ കഥകളി ക്ലബിന്റെ ന്റെ കലാപഠനവിാഗമായ നാട്യഭാരതി കഥകളി സെന്ററില് വിജയദശമി ആഘോഷവും വിദ്യാരംഭവും നാളെ നടക്കും.
കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ഭരതനാട്യം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിലാണ് വിദ്യാരംഭം കുറിച്ച് പുതിയ ക്ലാസുകൾ ആരംഭിക്കും. ഫോണ് നമ്പർ: 9846727132.
ഓമല്ലൂർ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സരസ്വതി കലാക്ഷേത്രം വിജയദശമി സംഗീതോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴു മുതൽ വിവിധ കലകളിൽ വിദ്യാരംഭം കുറിക്കാനാകും.അടൂർ ഈവി കലാമണ്ഡലത്തിലും വിവിധ കലകളിൽ നാളെ രാവിലെ മുതൽ വിദ്യാരംഭം ഉണ്ടാകും.