പാണ്ടനാട് പകർച്ചവ്യാധി ഭീഷണിയിൽ
1596605
Friday, October 3, 2025 11:29 PM IST
ചെങ്ങന്നൂര്‍: ജനങ്ങളുടെ ആരോഗ്യസംരക്ഷകരാകേണ്ട ആശുപത്രി അധികൃതര്‍തന്നെ ഒരു പ്രദേശത്തെ പകര്‍ച്ചവ്യാധി ഭീഷണിയിലാക്കുന്ന ഗുരുതരമായ സാഹചര്യമാണ് ചെങ്ങന്നൂര്‍ പാണ്ടനാട്ടില്‍. ചെങ്ങന്നൂര്‍ കല്ലിശേരി ഉമയാറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ലേബര്‍ ക്യാമ്പിലെ ശുചിത്വമില്ലായ്മയാണ് നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
ആശുപത്രി അധികൃതര്‍ ജനങ്ങളെ രോഗദുരിതത്തിലേക്കു തള്ളിവിടുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാണ്ടനാട് നാലാം വാര്‍ഡില്‍ ആശുപത്രിയുടെ നിര്‍മാണത്തിനായി വന്ന 150 ഇതരസംസ്ഥാന തൊഴിലാളികള്‍, മൃഗങ്ങള്‍ പോലും നില്ക്കാന് മടിക്കുന്ന, യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാത്ത കെട്ടിടത്തിലാണെന്ന് പറയപ്പെടുന്നു.
മാലിന്യം സംസ്കരിക്കാന്‍
സംവിധാനമില്ല;
ദുര്‍ഗന്ധം, രോഗഭീതി
തൊഴിലാളികളുടെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കാന്‍ ഇവിടെ സംവിധാനമില്ല. ഇതു കാരണം പ്രദേശവാസികള്‍ വളരെയേറെ ബുദ്ധിമുട്ടിലാണ്. ഈച്ചയുടെയും കൊതുകിന്റെയും ശല്യം മൂലം പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഈ പ്രദേശത്തുകൂടി മൂക്കു പൊത്താതെ യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് യാത്രക്കാര്‍ പറയുന്നു.
അസഹ്യമായ ദുര്‍ഗന്ധം കാരണം പ്രദേശത്തെ കിണറുകളിലെ വെള്ളം മലിനമാവുകയും കുടിവെള്ളത്തിനു പ്രയാസം നേരിടുകയും ചെയ്തതോടെയാണ് ലേബര്‍ ക്യാമ്പിന് തൊട്ടടുത്തു താമസിക്കുന്ന പള്ളിക്കിഴക്കേതില്‍ സന്ധ്യാ റാണി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയത്.
പൊളിക്കാന്‍ പഞ്ചായത്ത്
നോട്ടീസ്; സ്റ്റേ നേടി ആശുപത്രി അധികൃതര്‍
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ലേബര്‍ ക്യാമ്പ് നിര്‍മിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. സെപ്റ്റംബര്‍ പത്തിന് ചേര്‍ന്ന പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കാന്‍ ആശുപത്രി അധികൃതരോട് രേഖാമൂലം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
ഇതനുസരിച്ച് പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറി ആശുപത്രി അധികൃതര്‍ക്ക്, നാലാം വാര്‍ഡിലെ ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടം ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് കത്തു നല്കി. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ലേബര്‍ ഓഫീസിലും പോലീസ് സ്റ്റേഷനിലും അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ ആശുപത്രി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തിരിക്കുന്ന കോണ്‍ട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെപ്റ്റംബര്‍ 22ന് ഹൈക്കോടതിയെ സമീപിച്ച് 25ന് പഞ്ചായത്തിന്റെ നടപടിക്കെതിരേ സ്റ്റേ നേടി. ഈ മാസം 16 വരെ പഞ്ചായത്ത് യാതൊരു നടപടിയും കൈക്കൊള്ളാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
പഞ്ചായത്ത് നടപടി
വൈകിച്ചു;
ഒത്തുകളിയെന്ന് ബിജെപി
സെപ്റ്റംബര്‍ പത്തിന് പഞ്ചായത്ത് എടുത്ത തീരുമാനം ഏഴു ദിവസത്തിനകം കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കില്‍ സെപ്റ്റംബര്‍ 18ന് നിയമാനുസരണം നടപടിയെടുക്കും എന്നായിരുന്നു.
എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ നടപടികള്‍ മനഃപൂര്‍വം താമസിപ്പിച്ച് ആശുപത്രി അധികൃതര്‍ക്കു സ്റ്റേ കിട്ടുന്നതിന് ഒത്താശ ചെയ്യുകയായിരുന്നുവെന്ന് പാണ്ടനാട് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്ത് അധികൃതരുടെ ജനദ്രോഹപരമായ നടപടികള്‍ക്കെതിരേ ജനങ്ങളെക്കൂട്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാര്‍ഡ് മെംബര്‍ ശ്രീലേഖ ശിവനുണ്ണി, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ. ശ്യാം, ജനറല്‍ സെക്രട്ടറി വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.