അധ്യാപക നിയമനത്തിന്റെ പേരില്‍ കത്തോലിക്കാ സഭയെ അവഹേളിക്കരുത്: അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ്
1596614
Friday, October 3, 2025 11:29 PM IST
ചങ്ങനാശേരി: വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്കൂളുകളോടൊപ്പം ഉത്തരവാദിത്വവും സാമൂഹിക പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന എയ്ഡഡ് സ്കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനം നടത്തുന്നത് ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ തട്ടിത്തെറിപ്പിക്കരുതെന്ന് ചങ്ങനാശേരി അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്കുന്ന ഉത്തരവുകള്‍ പാലിച്ചു ഭിന്നശേഷി നിയമനം നടത്താന്‍ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകള്‍ തയാറാകുമ്പോള്‍ ഇനിയും മറ്റൊരു കോടതി വിധി കൂടി വേണമെന്ന് ശാഠ്യം പിടിക്കുകയും കത്തോലിക്കാ സഭയെയും പിതാക്കന്മാരെയും അവഹേളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ല. എന്‍എസ്എസ് മാനേജ്മെന്റിന് ലഭിച്ച കോടതി വിധി എല്ലാ എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സാര്‍വത്രിക വിദ്യാഭ്യാസം എന്ന സര്‍ക്കാരിന്റെ കടമ ശിരസാ വഹിച്ചവരാണ് കേരളത്തിലെ എയ്ഡഡ് സ്കൂളുകളെന്ന കാര്യം ആരും വിസ്മരിക്കരുതെന്ന് സമ്മേളനം ഓര്‍മിപ്പിച്ചു. അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ഈശോ തോമസ് അധ്യക്ഷത വഹിച്ചു.
അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ടോണി ചെത്തിപ്പുഴ, വൈസ് പ്രസിഡന്റ് ഷൈനി കുര്യാക്കോസ്, സെക്രട്ടറി ഡോ. ജിഷാമോള്‍ അലക്സ്, ജോഗേഷ് വര്‍ഗീസ്, പ്രകാശ് ജെ. തോമസ്, സിസ്റ്റര്‍ ലില്ലി തെരേസ്, ബിജു ടി. ജോണ്‍, ബിനു എം. സി., ഷെര്ലിക്കുട്ടി ആന്റണി, ബൈജു ടി. ഡാല്‍മുഖം, സിസ്റ്റര്‍ സോഫിയാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.