സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവം 2025
1596607
Friday, October 3, 2025 11:29 PM IST
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സ്കൂള്‍സ് കോംപ്ലക്സ് 19-ാം മത് ജില്ലാ കലോത്സവം ഒക്ടോബര്‍ 6, 7 ,9, 10, 11 തീയതികളില്‍ ആലപ്പുഴ കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടക്കും. ചിന്മയ വിദ്യാലയം അമ്പതു വര്‍ഷം കനകദ്യുതി ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സ്കൂള്‍ സിബിഎസ്ഇ കലോത്സവത്തിന് ആഥിത്യമരുളുന്നതെന്ന് സഹോദയ ജില്ലാ കലോത്സവം ജനറല്‍ കണ്‍വീനര്‍ ഡോ. ആര്.എസ്. രേഖ, സഹോദയ ജില്ലാ പ്രസിഡന്റ് ഡോ. എ. നൗഷാദ്, സെക്രട്ടറി ആശാ യതീശ്, ട്രഷറര്‍ ഡയാന ജേക്കബ്, എച്ച്. അനു എന്നിവര്‍ അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ 53 സ്കൂളുകളില്‍നിന്നായി മൂവായിരത്തില്‍പ്പരം മത്സരാര്‍ഥികള്‍ 141 മത്സര ഇനങ്ങളില്‍ പങ്കെടുക്കും ഗാനം, വാദ്യസംഗീതം, പാശ്ചാത്യസംഗീതം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, പ്രബന്ധമെഴുത്ത്, കഥാരചന, കവിതാരചന, പ്രസംഗം ബാന്‍ഡ് മേളം തുടങ്ങി വിവിധ മത്സരങ്ങള്‍ അഞ്ച് പ്രധാന വേദികളിലും നാല് ഉപവേദികളിലുമായി അരങ്ങേറും.
ഉദ്ഘാടനസമ്മേളനം സിനിമാ താരവും ചിന്മയ വിദ്യാലയ പൂര്‍വവിദ്യാര്‍ഥിനിയുമായ ആതിര ഹരികുമാര്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ മുന്‍ എംപി അഡ്വ. എ.എം. ആരിഫ് മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനത്തില്‍ എച്ച്. സലാം എംഎല്‍എ, വിദ്യാലയ പ്രസിഡന്റ് ഡോ. കെ. നാരായണന് എന്നിവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.