പട്ടണക്കാടില്‍ വീണ്ടും തെരുവുനായകളുടെ വിളയാട്ടം ; 12 പേര്‍ക്ക് കടിയേറ്റു
1596611
Friday, October 3, 2025 11:29 PM IST
ചേർത്തല: പട്ടണക്കാടില്‍ വീണ്ടും തെരുവുനായകളുടെ ആക്രമണത്തില്‍ മൂന്നു പേർക്കു പരിക്ക്. കഴിഞ്ഞ മാസം 27ന് പട്ടണക്കാട് പഞ്ചായത്ത് തറമൂട്ടില്‍ തെരുവുനായയുടെ ആക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കു കടിയേറ്റിരുന്നു.
ഒരാഴ്ചക്കുള്ളില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ പട്ടണക്കാട് പഞ്ചായത്തിന്റെ ഒരു പ്രദേശത്തുമാത്രം 12 പേര്‍ക്കാണ് കടിയേറ്റത്.
ഇന്നലെ രാവിലെയാണ് പട്ടണക്കാട് 14-ാംവാർഡ് പുത്തൻ പുരയ്ക്കൽ റോയി (63), ഒമ്പതാം വാർഡ് ചള്ളിയിൽ നികർത്ത് മണി (68), പട്ടണക്കാട് 10-ാംവാർഡ് തോട്ടുകണ്ടത്തിൽ ബാബു (62) എന്നിവർക്ക് നായയുടെ കടിയേറ്റത്. മൂന്നു പേരെയും കടിച്ചത് ഒരു നായയാണ്. വീടിനു മുറ്റത്തെത്തിയ നായ മണിയുടെ കൈക്കാണ് കടിച്ചത്. കൈയിൽക്കിടന്ന സ്വർണവള ഒടിഞ്ഞുപോയി.
നായയുടെ കാൽ കൊണ്ട് വയറിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. റോഡിൽ നിൽക്കുകയായിരുന്നു റോയിയെയും ബാബുവിനെയും നായ ഓടിവന്നു കടിക്കുകയായിരുന്നു. കാലിനും കൈക്കും നെഞ്ചിനുമാണ് രണ്ടു പേർക്കും പരുക്കേറ്റത്.
കഴിഞ്ഞ 27ന് പട്ടണക്കാട് പഞ്ചായത്ത് തറമൂട്ടില്‍ തെരുവുനായയുടെ ആക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കു കടിയേറ്റിരുന്നു. തൊഴിലുറപ്പു തൊഴിലാളികള്‍ക്കും സമീപത്തെ മരണവീട്ടിലെത്തിയവര്ക്കുമാണ് കടിയേറ്റത്. തൊഴിലുറപ്പു തൊഴിലാളികളായ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് രജിഭവനില്‍ വിജയമ്മ (76), നികര്‍ത്തില്‍ അംബിക ശിവരാമന് (72), കൂട്ടുങ്കല്‍ സുരളി (45), വെള്ളച്ചനാട് അജിത (48), നികര്‍ത്തില്‍ ഷൈലജ (52), സമീപമുള്ള മരണ വീട്ടിലെത്തിയ കടക്കരപ്പളളി സ്വദേശി ഗിരീഷ്, എറണാകുളം സ്വദേശികളായ മൂന്നുപേര്‍ക്കുമാണ് കടിയേറ്റത്. ഇവരെ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളിലും സമീപമുള്ള വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.
അക്രമം കാട്ടിയ നായയെ പിടിക്കാനാകാത്തതിനാല്‍ പ്രദേശമാകെ ഭീതിയിലാണ്. കണ്ടവരെയെല്ലാം ഓടിച്ചിട്ടു കടിച്ച നായയില്‍നിന്നു രക്ഷനേടി പലരും ഓടിയും വീടുകള്‍ക്കുള്ളില്‍ കയറിയും രക്ഷപ്പെടുകയാണ്. ചേര്‍ത്തല താലൂക്കിലെ തെരുവുനായകളുടെ ആക്രമണത്തില്‍ ഭയന്ന് ജനങ്ങള്‍ക്കു പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.
ജനങ്ങളുടെ ജീവനു ഭീഷണിയായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള നടപടികളൊന്നും സ്വീകരിക്കാതെ വെറുംകാഴ്ചക്കാരായി മാറിനില്‍ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാടിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുകയാണ്.