ടിപ്പർ ലോറികളിൽനിന്നു ഡീസൽ മോഷണം; ഒരാൾ പിടിയിൽ
1596606
Friday, October 3, 2025 11:29 PM IST
ഹരിപ്പാട്: ദേശീയപാത നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത വിശ്വാസമുദ്ര കമ്പനിയുടെ ടിപ്പർ വാഹനങ്ങളിൽനിന്ന് മാസങ്ങളായി നടന്നുവന്ന ഡീസൽ മോഷണം ഹരിപ്പാട് പോലീസ് പിടികൂടി. സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് മോഷണം സംഘടിതമായി നടന്നതായി കണ്ടെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്വേഷണത്തിൽ, കമ്പനിയുടെ കരാറിൽ ഉൾപ്പെട്ട വാഹനങ്ങളിൽനിന്നാണ് ഡീസൽ മോഷണം നടന്നതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ രഹസ്യനിരീക്ഷണത്തിൽ മോഷണത്തിനു പിന്നിൽ വാഹനങ്ങൾ ഓടിക്കുന്നവർതന്നെയാണെന്നു കണ്ടെത്തി. പ്രതികൾ താമസിച്ചിരുന്ന വാടകവീട് പരിശോധിച്ചപ്പോൾ, വീടിനോടു ചേർന്ന ഒരു മുറി പൂട്ടിയ നിലയിൽ കാണപ്പെട്ടു. മുറിയുടെ മേൽക്കൂരയിൽനിന്ന് ഒരു പൈപ്പ് പുറത്തേക്ക് നീണ്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
പ്രതികൾ എത്തുന്നതുവരെ രഹസ്യമായി നിരീക്ഷണം തുടർന്ന പോലീസ്, വീട്ടിലേക്കു വന്ന ഒരു പ്രതിയെ പിടികൂടി. പ്രതിയെക്കൊണ്ട് മുറി തുറപ്പിച്ചപ്പോൾ, അവിടെനിന്ന് നിരവധി കന്നാസുകൾ, വീപ്പ, പൈപ്പുമായി ബന്ധിപ്പിച്ച മോട്ടർ എന്നിവ കണ്ടെത്തി. ചോദ്യം ചെയ്തതിൽ വാഹനങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം പൈപ്പ് ഡീസൽ ടാങ്കിൽ ഇറക്കി, മോട്ടർ ഉപയോഗിച്ച് വീപ്പയിലേക്കു ഡീസൽ നിറയ്ക്കുകയും പിന്നീട് കന്നാസുകളിലാക്കി വിൽപ്പനയ്ക്കായി കൊണ്ടുപോകുകയുമായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി.
വീടിനു സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനം പരിശോധിച്ചപ്പോൾ, 23 കന്നാസുകളിലായി 805 ലിറ്റർ ഡീസൽ കണ്ടെത്തി. ഇതു വിൽപ്പനയ്ക്കായി കൊണ്ടുപോകാൻ തയാറാക്കിയതായിരുന്നു. കേസിൽ മുഖ്യപ്രതിയായ തമിഴ്നാട് പന്തലോർ വില്ലേജിൽ, അടുക്കളവീട്ടിൽ രഞ്ജിലിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. എസ്ഐമാരായ ഷൈജ, ജോബിൻ, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, വൈശാഖ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.