സുനാമി വീടുകളെല്ലാം ഉടൻ നവീകരിക്കും: മന്ത്രി സജി ചെറിയാൻ
1596610
Friday, October 3, 2025 11:29 PM IST
ആറാട്ടുപുഴ: സുനാമി വീടുകളെല്ലാം ഉടൻ നവീകരിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിനായി നബാർഡിന്റെ നാലായിരം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. അതിൽ 502 കോടിയുടെ പദ്ധതി ഉടൻതന്നെ പ്രഖ്യാപിക്കും. ആറാട്ടുപുഴ പഞ്ചായത്തിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിരവഹിക്കുകയായിരുന്നു മന്ത്രി.
പുനർഗേഹം പദ്ധതി പ്രകാരം കഴിഞ്ഞമാസം വലിയതുറയിൽ നാനൂറ് ഫ്ളാറ്റുകൾ മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 1100 ഫ്ലാറ്റുകളുടെ പണി പൂർത്തിയായിവരുന്നു. തിരുവനന്തപുരം ജില്ലയിലൊഴികെ ഫ്ലാറ്റുകൾക്ക് അപേക്ഷകരില്ല.
20,000 വീടുകൾ മത്സ്യത്തൊഴിലാളികൾക്കു മാത്രമായി വച്ചുകൊടുത്തു. യൂറോപ്യൻ യൂണിയൻ കോൺക്ലേവിൽ കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് സമർപ്പിച്ചത്. ഫിഷർമെൻ സൊസൈറ്റി അതിൽ സുപ്രധാനമാണ്.
ആയിരം കടൽ കഫേകൾ തുടങ്ങാൻ സർക്കാർ ശ്രമിക്കുകയാണ്. അതിൽ ആദ്യത്തെ ഹോട്ടൽ വിഴിഞ്ഞത്ത് തുടങ്ങി. പതിനായിരം മത്സ്യത്തൊഴിലാളി കുട്ടികൾക്ക് അവിടങ്ങളിൽ ജോലി ലഭിക്കും. മത്സ്യത്തൊഴിലാളി കുട്ടികളെ സർക്കാർ ചെലവിൽ വിദേശരാജ്യങ്ങളിൽ പഠിപ്പിക്കുന്നത് ഇടതു സർക്കാർ തുടക്കമിട്ട പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. കനകക്കുന്ന് - കള്ളിക്കാട് പാലം പഠനം കഴിഞ്ഞ് യാഥാര്ഥ്യത്തിലേക്കു നീങ്ങുന്നതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി.എസ്. താഹ, പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്ഥിരംസമിതി ചെയർമാന്മാരായ ആർ.രാജേഷ്, എൽ.അമ്പിളി, എൽ.മൻസൂർ, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. പി.വി. സന്തോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ നിർമല ജോയി, രശ്മി രഞ്ജിത്ത്, റെജിമോൻ, വിജയാംബിക, സജുപ്രകാശ്, എ. അൽ അമീൻ, പഞ്ചായത്ത് സെക്രട്ടറി എസ്. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.