കൈതത്തോട് ജലമേള: നെപ്പോളിയന് ജേതാവ്
1596615
Friday, October 3, 2025 11:29 PM IST
എടത്വ: മുട്ടാര്‍ ചലഞ്ച് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന എട്ടാമത് ജലോത്സവത്തില്‍ വെപ്പ് എ വിഭാഗത്തില്‍ തലവടി ടീം നെപ്പോളിയന് ബോട്ട് ക്ലബ് തുഴഞ്ഞ നെപ്പോളിയന് വള്ളം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം എംബിസി മേപ്രാല്‍ തുഴഞ്ഞ ആശാ പുളിക്കീക്കളം നേടി. വെപ്പ് ബി വിഭാഗത്തില്‍ കൊണ്ടാക്കല്‍ ബോട്ട് ക്ലബിന്റെ പിജി കരിപ്പുഴ ഒന്നാം സ്ഥാനവും സഹോദര ബോട്ട് ക്ലബ് തലവടി തുഴഞ്ഞ പുന്നത്ര പുരയ്ക്കന്‍ രണ്ടാം സ്ഥാനവും നേടി.
ഇരുട്ടുകുത്തി വിഭാഗത്തില്‍ സൗഹൃദ ബോട്ട് ക്ലബ് പള്ളത്തുരുത്തി തുഴഞ്ഞ കുറുപ്പുപറമ്പന്‍ ഒന്നാം സ്ഥാനം നേടി. സിറ്റി ബോട്ട് ക്ലബ് കെവി ജട്ടി തുഴഞ്ഞ ദാനിയേല്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഫൈബര്‍ വെപ്പുവള്ളങ്ങളില് സെന്റ് ആന്റണി ഒന്നാംസ്ഥാനവും പുത്തന്‍കണ്ടത്തില്‍ രണ്ടാം സ്ഥാനവും നേടി. ജലമേള കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി ചെയര്മാന് തോമസുകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായര്‍ മാസ്ഡ്രില്‍ സല്യൂട്ട് സ്വീകരിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍ ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയതു. ആര്‍സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റജി ചെറിയാന് സമ്മാനദാനം നിര്‍വ്വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.പി. കുഞ്ഞുമോന്, ചലഞ്ച് ക്ലബ് പ്രസിഡന്റ് ജോബിന് ജെ. പൂയപ്പള്ളി, ലിജു കണിച്ചേരില്‍, പഞ്ചായത്തംഗം ഏബ്രഹാം ചാക്കോ, സിനിമാനടന് പ്രമോദ് വെളിയനാട്, ഷാജി കറുകത്തറ, സിജോയ് ചാക്കോ, കെ.കെ. പ്രസന്നന്, അഭിലാഷ് കട്ടത്തറ എന്നിവര്‍ പ്രസംഗിച്ചു.