കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; 12 പേർക്കു പരിക്ക്
1596617
Friday, October 3, 2025 11:29 PM IST
തുറവൂർ: കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി 12 പേർക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയപാതയിൽ പട്ടണക്കാട് പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. അങ്കമാലിയിൽനിന്ന് ചേർത്തലയിലേക്കുള്ള യാത്രയ്ക്കിടെ പൊന്നാംവെളിയിൽ എതിർദിശയിൽ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ ഇടത്തോട്ടു തിരിച്ചപ്പോൾ ബസ് നിയന്ത്രണം തെറ്റി സർവീസ് റോഡും ദേശീയപാതയും തമ്മിൽ വേർതിരിക്കുന്ന ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ തിരുമലഭാഗം കൃഷ്ണവിലാസത്തിൽ മനീഷ (49), കഞ്ഞിക്കുഴി കൈതക്കാട്ട് ജ്യോതി (52), തൈക്കാട്ടുശേരി കുട്ടച്ചിറ വെളിയിൽ വിനോദ് (51), വെട്ടയ്ക്കൽ മറ്റത്തിൽ വീട്ടിൽ രത്നമ്മ (69), നെട്ടുർ കൃഷ്ണകൃപയിൽ അശ്വതി (49), എഴുപുന്ന കിഴക്കേത്തറ സ്വപ്ന (45), കുത്തിയതോട് വടക്കേത്തറ വീട്ടിൽ അംബിക (63), പട്ടണക്കാട് ചീനവെളി വീട്ടിൽ കവിത (48), പട്ടണക്കാട് അഭിഷേക് നിവാസിൽ രശ്മി (42), കലവൂർ അഞ്ചുതൈയിൽ അമ്മിണി (60), ബസ് ഡ്രൈവർ കോഴിക്കോട് മേക്കര വീട്ടിൽ മോഹൻദാസ് (55), കണ്ടക്ടർ മൂവാറ്റുടുപുഴ, പാണാലുകുടിയിൽ അണുൺ(35)എന്നിവരെയാണ് പരിക്കുകളോടെ തുറവൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയത്. ഇതിൽ മനീഷയ്ക്കും അശ്വതിക്കും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ജനങ്ങളും പട്ടണക്കാട് പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പട്ടണക്കാട് പോലീസ് കേസെടുത്തു.