യുവതിയുടെ ചികിത്സാധന സമാഹരണത്തിന് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ പായസ ചലഞ്ച്
1596618
Friday, October 3, 2025 11:29 PM IST
ഹരിപ്പാട്: കാൻസർ ബാധിതയായ യുവതിയുടെ ജീവൻ നിലനിർത്താൻ പണം കണ്ടെത്താനായി മധുരമൂറുന്ന പായസവുമായി ഒരു കൂട്ടം കാരുണ്യപ്രവർത്തകർ ഒത്തുകൂടി. മണിക്കൂറുകൾകൊണ്ട് സമാഹരിച്ചത് 1,31, 200 രൂപ. പത്തിയൂർ പഞ്ചായത്ത് ഒന്നാം വാർഡ് പാലപ്പള്ളി തെക്കതിൽ രാജന്റെ മകൾ രാജലക്ഷ്മി (21) യുടെ ചികിത്സയ്ക്കു പണം കണ്ടെത്തുന്നതിനായാണ് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ പ്രവർത്തകർ ഗാന്ധി ജയന്തി ദിനത്തിൽ ഈ ദൗത്യം ഏറ്റെടുത്തത്.
മുതുകുളം ഉമ്മർമുക്കിൽ രാവിലെ 10 മുതൽ രാത്രി എട്ടു വരെയായിരുന്നു ഇതിനായി പഴയകാല ഓർമ പുതുക്കി അരിയും പയറും ചേർത്ത പായസം നൽകിയത്. ഒട്ടേറെ സുമനസുകളാണ് രാജലക്ഷ്മിയുടെ ചികിത്സയ്ക്കായി ഒന്നിച്ചത്.
ഇതിന്റെ വിളംബരമായി സെപ്റ്റംബർ 29ന് രാമപുരം ക്ഷേത്രത്തിൽ നവാഹം അവസാനിച്ച ദിവസം ചന്ദനത്തിരി നൽകി ഭിക്ഷയെടുത്തിരുന്നു. രണ്ടു മണിക്കൂർകൊണ്ട് അര ലക്ഷം രൂപ ഇതിലൂടെ സമാഹരിച്ചിരുന്നു. കരുതൽ ഉച്ചയൂണ് കൂട്ടായ്മാ ചെയർമാൻ ഷാജി കെ. ഡേവിഡിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ രാജീവ്, ശാലിനി അനിവാസൻ ബൈജു, സബിത, കരുതൽ ഉച്ചയൂണ് കൂട്ടായ്മാ പ്രവർത്തകരായ ഉണ്ണികൃഷ്ണൻ, ജോസ്, ബാബു, സിന്ധു, ശ്രീദേവി, ജോമോൻ, റിയാസ്, സുഭാഷ്, അഷ്റഫ് കാട്ടിൽ, ഉണ്ണി, ലത ടീച്ചർ എന്നിവർ ഇതിൽ പങ്കെടുത്തു.