റവന്യൂ ജില്ലാ സ്കൂൾ ഹോക്കിയിൽ ഇരട്ടക്കിരീട നേട്ടവുമായി പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂൾ
1596609
Friday, October 3, 2025 11:29 PM IST
കായംകുളം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിനു മുന്നോടിയായി നടന്ന റവന്യൂ ജില്ലാ സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ കായംകുളം ഉപജില്ല ഇരട്ടക്കിരീടം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പുന്നപ്ര കാർമൽ പോളി ടെക്നിക് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സബ് ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളം മൂന്നു ഗോളുകൾക്ക് ചേർത്തല ഉപജില്ലയെ പരാജയപ്പെടുത്തി.
സബ് ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തല ഉപജില്ലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കായംകുളം ഉപജില്ല പരാജയപ്പെടുത്തി. ജൂണിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചേർത്തലയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആലപ്പുഴ വിജയികളായി.
കായംകുളം മൂന്നാം സ്ഥാനം നേടി. കായംകുളം ഉപജില്ലയ്ക്കു വേണ്ടി പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ വിദ്യാർഥികളാണ് നേട്ടം കൈവരിച്ചത്. സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട ജില്ലാ ഹോക്കി ടീമിനെ മത്സരങ്ങളിൽനിന്നു തെരഞ്ഞെടുത്തു.