തകർന്നടിഞ്ഞ് ചെന്നിത്തല റോഡ്
1596613
Friday, October 3, 2025 11:29 PM IST
മാന്നാര്‍: പതിനഞ്ചു വര്‍ഷത്തിലേറെയായി ചെന്നിത്തലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് തകര്‍ന്നിട്ട്. തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന ഈ ഘട്ടത്തിലെങ്കിലും പണി നടന്നില്ലെങ്കില്‍ ഇനിയെന്നു നടക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം. റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കുന്നതുള്പ്പടെയുള്ള പ്രതിഷേധങ്ങളിലേക്കു കടക്കുകയാണ്.
കായംകുളം - തിരുവല്ല സംസ്ഥാന പാതയെയും തട്ടാരമ്പലം - മാന്നാര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രധാന പാതയായ ചെറുകോല്‍- ശാസ്താംപടി റോഡില്‍ മാവിലേത്ത് ജംഗ്ഷന് മുതല്‍ ചാല മഹാദേവക്ഷേത്രം വരെയുള്ള തകര്‍ന്നുകിടക്കുന്ന ഭാഗം പുനര്‍ നിര്‍മാണം നടത്താത്തതിലാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 10, 11, 12, 13 വാര്ഡുകളിലുടെടെ കടന്നുപോകുന്ന നാല് കിലോമീറ്റര്‍ വരുന്ന ചെറുകോല്‍-ശാസ്താംപടി റോഡിലെ ചാല മഹാദേവക്ഷേത്രം മുതല്‍ പടിഞ്ഞാറോട്ട് ശാസ്താംപടി വരെയുള്ള ഭാഗം ഒരു വര്‍ഷം മുമ്പ് പുനര്‍നിര്‍മാണം നടത്തിയിരുന്നു. ചാല മഹാദേവക്ഷേത്രം മുതല്‍ കിഴക്കോട്ട് ചെറുകോല്‍ മാവിലേത്ത് ജംഗ്ഷന് വരെയുള്ള ഭാഗം ഏറെ ദുര്‍ഘടാവസ്ഥയിലാണ്.
എസ്എന്‍ഡിപി 141-ാം നമ്പര്പുത്തന് കോട്ടക്കകം ശാഖാ ഗുരുക്ഷേത്രം, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പളളി, ചെറുകോല്‍ ശാസ്താക്ഷേത്രം, ചാല മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഈ പ്രധാന റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
മഴയെത്തിയാല്‍ യാത്ര കൂടുതല്‍ ദുര്‍ഘടമാകും. തിരുവല്ല മുതല്‍ ഹരിപ്പാട് വരെയുള്ള പ്രധാന സ്കൂളുകളിലെ പതിനഞ്ചോളം ബസുകള്‍ ഈ റോഡിലൂടെ കടന്നുപോവുന്നുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
പരാതി ഏറിയതോടെ ചെന്നിത്തല പഞ്ചായത്ത് ഈ നാലു വാര്‍ഡുകളുടെ പദ്ധതി വിഹിതം മൂന്നു ലക്ഷം വീതം ചേര്‍ത്ത് 12 ലക്ഷം വകയിരുത്തി നിര്‍മാണം തുടങ്ങാനിരിക്കെയാണ് റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തത്.
പൊതു മരാമത്ത് വകുപ്പ് 36 ലക്ഷം രൂപ എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണ അനുമതി ലഭിച്ചെങ്കിലും ടെന്‍ഡർ നടപടികള്‍ വൈകുന്നതാണ് റോഡിന്റെ പുനര്‍നിര്‍മാണം നീളുന്നതെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. ജയദേവ്, ഗോപന് ചെന്നിത്തല, കീര്‍ത്തി വിപിന്‍ എന്നിവര്‍ പറഞ്ഞു.