ജെസ്ന തിരോധാനം: സിബിഐ അന്വേഷണം തുടര്‍ന്നേക്കും
1418157
Monday, April 22, 2024 11:35 PM IST
കോട്ടയം: മകളുടെ തിരോധാനക്കേസിലെ അന്വേഷണം ആറു മാസംകൂടി തുടരാന്‍ സിജെഎം കോടതി സിബിഐയോട് നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി
ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ്. ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുകയാണ്.
സിബിഐ ഇതോടകം നടത്തിയ അന്വേഷണത്തില്‍നിന്ന് വ്യത്യസ്തമായി നിരവധി തെളിവുകളും സൂചനകളും സാധ്യതകളും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ വിശദീകരണം നല്കാന് തയാറുമാണെന്ന് ജയിംസ് ജോസഫ് ദീപികയോട് പറഞ്ഞു.
മകള്‍ ജീവിച്ചിരിപ്പുണ്ടെന്നു തോന്നുന്നില്ലെന്നും ഇതിന് കാരണമായ വ്യക്തിയെക്കുറിച്ച് തെളിവുകള്‍ നല്‍കാമെന്നുമാണ് ജയിംസ് പറയുന്നത്. അമ്മയില്ലാത്ത ഒരു മകളെ നഷ്ടമായ ഒരു പിതാവിന്റെ ആശങ്കയും വേദനയും കോടതിക്ക് ഉള്‍ക്കൊള്ളാനായിട്ടുണ്ട്. തിരോധാനത്തിന് വഴിതെളിച്ച സാഹചര്യം നന്നായി അന്വേഷിച്ചശേഷമാണ് കോടതിയെ സമീപിച്ചത്. കൊല്ലമുളയിലെ വീട്ടില്‍ നിന്നു പുറപ്പെട്ട ജെസ്ന എരുമേലിയില്‍നിന്നു മുണ്ടക്കയം ബസില്‍ കയറിയെങ്കിലും മുണ്ടക്കയത്തിന് മുന്‍പുള്ള സ്റ്റോപ്പില്‍ ഇറങ്ങിയതായി സംശയിക്കുന്നു.
വ്യാഴാഴ്ചകളില്‍ പതിവായി പ്രാര്‍ഥനയ്ക്ക് പോയിരുന്ന സാഹചര്യം, ഒരു സുഹൃത്തുമായുണ്ടായിരുന്ന അടുപ്പം തുടങ്ങി പല കാര്യങ്ങളുണ്ട്. സമീപകാലത്ത് തിരോധാനത്തിന് ഇടയാക്കിയ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം കോടതിയെ സമീപിച്ചത്. പ്രതിയെന്ന് സംശയമുള്ള സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്ന് കോടതിയെ അറിയിച്ചതോടെ കേസ് നിര്‍ണായക വഴിത്തിരിവിലാണ്. ഒരു വ്യാഴാഴ്ച ദിവസമാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബികോം വിദ്യാര്‍ഥിയായിരിക്കെ
മൂന്നുനാല് വ്യാഴാഴ്ചകളില്‍ ജെസ്ന ക്ലാസില്‍ എത്തിയില്ലെന്ന് അറിവായിട്ടുണ്ട്.
ഇപ്പോഴത്തെ നീക്കങ്ങളിലെ ചെറിയ വീഴ്ചപോലും വലിയ പിശകില്‍ കലാശിച്ചേക്കാം. സിബിഐ പിന്നിലുണ്ടെന്ന് അറിഞ്ഞാല്‍ അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നതായി ജയിംസ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
പുലിക്കല്ലിനും മുണ്ടക്കയത്തിനും ഇടയിലാണ് ജെസ്നയെ കാണാതാകുന്നത്. ഈ മേഖലയില്‍ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും ജെസ്ന അജ്ഞാത സുഹൃത്തിനാല്‍ ഉപദ്രവിക്കപ്പെട്ടിരിക്കാമെന്നും കരുതുന്നു. ആര്‍ത്തവ സമയത്ത് ജെസ്നയക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നതായി സഹോദരി മൊഴി നല്‍കിയിട്ടുണ്ട്. രക്തം പുരണ്ട തുണി തിരുവല്ല ഡിവൈഎസ്പി അന്വേഷണത്തിനായി ശേഖരിച്ചിരുന്നുവെങ്കിലും അത് രാസപരിശോധനയ്ക്ക് അയച്ചില്ല.
ക്ലാസിലെ അഞ്ച് കുട്ടികളുമായാണ് ജെസ്നയ്ക്ക് അടുപ്പം ഉണ്ടായിരുന്നത്. ഇവരിലേക്ക് അന്വേഷണം എത്തിയിരുന്നെങ്കില്‍ അജ്ഞാത സുഹൃത്തിനെക്കുറിച്ചുളള വിവരം ലഭിക്കുമായിരുന്നു. മാത്രമല്ല ജെസ്ന കോളജിന് പുറത്തുപോയത് എന്‍എസ്എസ് ക്യാമ്പിനാണ്. ഈ ക്യാമ്പിന്റെ വിവരങ്ങളും സിബിഐ അന്വേഷിച്ചില്ല. ജെസ്നയെ കാണാതായ ദിവസം വൈകുന്നേരം ആറിനും പിറ്റേന്ന് രാവിലെയും ജെസ്നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിലേക്കും അന്വേഷണമെത്തിയില്ല.