ആമ്പല്‍ ടൂറിസത്തിന് മലരിക്കല്‍ ഒരുങ്ങുന്നു
1577134
Saturday, July 19, 2025 6:52 AM IST
വരുമാനം കര്‍ഷകരുമായി പങ്കിടും
കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച മലരിക്കല്‍ ആമ്പല്‍ ടൂറിസം കര്‍ഷകര്‍ക്കു വരുമാനം നല്കുന്ന നൂതന മാതൃകയാകും. തിരുവാര്‍പ്പ് പഞ്ചായത്തിലെ 1800 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക്, 850 ഏക്കര്‍ വിസ്തൃതിയുള്ള തിരുവായ്ക്കരി പാടശേഖരസമിതികളും സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണു ധാരണയുണ്ടാക്കിയത്. ടൂറിസം സീസണ് കഴിയുന്പോൾ വള്ളങ്ങളുടെ ഉപയോഗത്താല്‍ കേടുപാട് സംഭവിച്ച വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും ഈ തുക കര്‍ഷകര്‍ക്ക് ഉപയോഗിക്കാനാകും.
ഓരോ പാടശേഖരത്തിലും ഉപയോഗിക്കുന്ന വള്ളങ്ങള്‍ അതതു പാടശേഖര സമിതികളുമായി ചേര്‍ന്നു സഞ്ചാരികള്‍ക്ക് കടവുകള്‍ ക്രമീകരിക്കും. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ ക്രമീകരിക്കും. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കും. വള്ളങ്ങളുടെ രജിസ്ട്രേഷന് ഇത്തവണ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലരിക്കല്‍ ടൂറിസം സോണായ പശ്ചാത്തലത്തില്‍ വാഹന ഗതാഗതവും ക്രമീകരിക്കും. ടൂറിസ്റ്റുകള്‍ കാഞ്ഞിരംപാലം കടന്നു മലരിക്കല്‍ ജംഗ്ഷനിലെത്തി തിരിച്ചുപോകുന്ന വിധമാണ് പാര്‍ക്കിംഗ്. സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളുമുണ്ട്. ഫീസ് നല്കി ഉപയോഗിക്കാനാകും.
പുതുതായി വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് താത്കാലികമായോ സ്ഥിരമായോ വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല. വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ യൂണിഫോം ധരിക്കണം. ആമ്പല്‍ ഫെസ്റ്റിന്റെ സംഘാടകരായ തിരുവാര്‍പ്പ് പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരസമിതികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു.
മീനച്ചിലാര്‍ - മീനന്തറയാര്‍ - കൊടൂരാര്‍ പുനഃസംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ ആമുഖപ്രസംഗം നടത്തി. ഡിവൈഎസ്പി കെ.ജി. അനീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അജയന് കെ. മേനോന്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.എം. ബിനു, കുമരകം പോലീസ് എസ്എച്ച്ഒ കെ. ഷിജി, മലരിക്കല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.കെ. ഷാജിമോന്‍, തിരുവായ്ക്കരി പാടശേഖരസമിതി പ്രസിഡന്റ് ജോണ്‍ ചാണ്ടി, ജെ. ബ്ലോക്ക് പാടശേഖരസമിതി സെകട്ടറി ഔസേഫ് ചാക്കോ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ടൂറിസം മന്ത്രി 22ന് മലരിക്കലിൽ
കുമരകം: മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിലെ ആമ്പൽ വസന്തം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 22ന് സന്ദർശിക്കും. രാവിലെ 7.30നാണ് സന്ദർശനം ആരംഭിക്കുക. ആമ്പൽ പൂക്കൾക്കിടയിലൂടെ തിരുവായ്ക്കരി, ജെ ബ്ലോക്ക് പാടശേഖരങ്ങൾ ചുറ്റി സഞ്ചരിക്കുകയാണ് ലക്ഷ്യം.