ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: കത്തോലിക്ക കോൺഗ്രസ്
1577144
Saturday, July 19, 2025 7:04 AM IST
കുടമാളൂർ: കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സർക്കാർ നിലപാടിൽ കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന സമിതി പ്രതിഷേധിച്ചു.
ജെ.ബി. കോശി റിപ്പോർട്ട് സമർപ്പിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സർക്കാർ നടപടി ദുരൂഹവും പ്രതിഷേധാർഹവുമാണ്. ഇതിനെതിരേ പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കാൻ ഫൊറോന സമിതി തീരുമാനിച്ചു.
ഫൊറോന ഡയറക്ടർ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെയിൻ ജോസഫ് കാരക്കൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് തടത്തിൽ, സാബു ഏബ്രഹാം എട്ടുമൂല, കുഞ്ഞ് കളപ്പുര, ജോസ് പാറക്കൽ, ബേബിച്ചൻ തടത്തിൽ, ജോസ് ജേക്കബ്, ബെന്നി ജോസഫ് മണ്ണാറ, ഷീല ജോസഫ് കാട്ടൂപ്പാറ, ഷൈനി തച്ചേട്ട് എന്നിവർ പ്രസംഗിച്ചു.