ഇൻസ്പെയർ സിവിൽ സർവീസ് പ്രോഗ്രാം
1577164
Saturday, July 19, 2025 7:19 AM IST
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ മണിമല എക്സിക്യൂട്ടീവ് ക്ലബ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ഇൻസ്പെയർ സിവിൽ സർവീസ് പ്രോഗ്രാമിന്റെ നാലാമത് ബാച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.
പട്ടണങ്ങളിലെ സ്കൂളുകളിൽ മാത്രം കാണുന്ന ഇത്തരം പ്രോഗ്രാം മണിമല എന്ന ഗ്രാമത്തിൽ നടപ്പാക്കിയ എക്സിക്യൂട്ടീവ് ക്ലബ്ബിനെ കളക്ടർ അഭിനന്ദിച്ചു. കുട്ടികൾക്ക് ആവശ്യമായ മോട്ടിവേഷനുകൾ, പഠനമികവിന് ഉതകുന്ന തരത്തിലുള്ള പ്രോഗ്രാമുകൾ, ആവശ്യമായ കുട്ടികൾക്ക് പഠനസഹായങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികളാണ് മണിമല എക്സിക്യൂട്ടീവ് ക്ലബ് നടപ്പാക്കി വരുന്നത്. റിട്ടയേർഡ് ഐപിഎസ്, ഐഎഎസ് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ക്ലബ്ബിലെ അംഗങ്ങൾ.
യോഗത്തിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. വർഗീസ് ചിറയിൽ അധ്യക്ഷത വഹിച്ചു. ഡോ. ബിനു കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. വാഴൂർ എസ്വിആർ എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ ഡോ. ഗംഗാദത്തൻ നായർ, ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, പിടിഎ പ്രസിഡന്റ് എൻ.എ. ബിനോയി ഞാറക്കാട്ടിൽ,
പ്രോഗ്രാം കൺവീനർ ജോസഫ് ആന്റണി ആലപ്പാട്ട്, അധ്യാപകരായ ജിജി കെ. ജോസ്, മനോജ് ചാക്കോ, ജെറിൻ തോമസ്, അനീഷ് കെ. തോമസ്, ദിവ്യമോൾ വർഗീസ്, എം.എ. ത്രേസ്യാമ്മ , എബിൻ മാത്യു തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.