കണമല അപകടം: ഡ്രൈവിംഗിലെ അപാകത കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്
1577165
Saturday, July 19, 2025 7:19 AM IST
കണമല: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ തമ്മിൽ കഴിഞ്ഞ ദിവസം കണമല ഇറക്കത്തിൽ ഇടിച്ച് അപകടമുണ്ടായത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ പ്രാഥമിക പരിശോധന നടത്തി.
എൻഫോഴ്സ്മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. മിനി ബസ് ഡ്രൈവർ അലസതയോടെ വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടത്തിൽ ബ്രേക്ക് പ്രവർത്തിക്കാതെ വന്നതോടെ നിയന്ത്രണം തെറ്റി എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് മിനി ബസ് ഡ്രൈവർ തമിഴ്നാട് മധുര സ്വദേശി രാജ്കുമാർ പറഞ്ഞത്.
എന്നാൽ, താഴ്ന്ന ഗിയറിൽ ഇറക്കത്തിൽ സഞ്ചരിച്ചപ്പോൾ തുടർച്ചയായി ബ്രേക്ക് ചെയ്തത് മൂലം ബ്രേക്ക് കുറഞ്ഞു എന്നതല്ലാതെ ബ്രേക്ക് സിസ്റ്റം പ്രവർത്തനരഹിതമായിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയാണ് നടത്തിയതെന്നും പൂർണമായ പരിശോധന പോലീസിൽനിന്ന് കത്ത് ലഭിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒയുടെ മേൽനോട്ടത്തിൽ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തീർഥാടകരുമായി ശബരിമല ദർശനത്തിന് പോവുകയായിരുന്ന മിനി ബസ് ഇറക്കത്തിലെ അട്ടിവളവിൽ വച്ചാണ് ശബരിമല ദർശനം കഴിഞ്ഞു വരികയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസിൽ ഇടിച്ചത്.
മിനി ബഡിലെ ഡ്രൈവർ ഉൾപ്പടെ ബസിലെ തീർഥാടകർ അടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവിംഗ് സീറ്റിനിടയിൽ കാൽ കുടുങ്ങി ഗുരുതര പരിക്കേറ്റ ഡ്രൈവറെ ബസിന്റെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായ ഡ്രൈവർ അപകടനില തരണം ചെയ്തെന്ന് പോലീസ് അറിയിച്ചു.