സപ്തതി നിറവില്‍ ബിസിഎം കോളജ്; ആഘോഷ സമാപനവും പദ്ധതികളുടെ ഉദ്ഘാടനവും 21ന്
1577141
Saturday, July 19, 2025 6:52 AM IST
കോട്ടയം: ബിസിഎം കോളജിന്റെ സപ്തതി ആഘോഷ സമാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 21നു രാവിലെ 9 .30നു കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും, കോട്ടയം ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
മന്ത്രി വി.എന്‍. വാസവന് സപ്തതി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ബിസിഎം കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രോ മാനേജര്‍ പ്രഫ. ഡോ. ടി. എം. ജോസഫ്, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. കെ.വി. തോമസ്, കോളജ് വിദ്യാഭ്യാസ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ പ്രസംഗിക്കും.
സപ്തതി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ടാക്സി തൊഴിലാളികള്‍ക്കുള്ള സൗജന്യ കാര്‍ഡ് വിതരണം, ഔഷധത്തോട്ട നിര്‍മാണം, വിശപ്പുരഹിത കാമ്പസ്, സപ്തതി സ്മാരക സ്കോളര്‍ഷിപ്പ്, ബിസിഎം കബഡി അക്കാദമി, നീന്തല്‍ പരിശീലന പദ്ധതി തുടങ്ങിയവ ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു.
സമ്മേളനത്തില്‍ സിവില്‍ സര്‍വീസ് അക്കാദമി, ബിസിഎം എവിയേഷന്‍ അക്കാദമി, സെന്റര്‍ ഫോര്‍ റോബോട്ടിക് ആന്‍ഡ് എഐ, ഗവേഷണ കേന്ദ്രങ്ങള്‍, സെന്റര്‍ ഫോര്‍ ഫോറിന് ലാംഗ്വേജസ് തുടങ്ങി വിവിധ സെന്ററുകളുടെ ഉദ്ഘാടനം നടക്കും.
1955 ജൂലൈ 11ന് കോട്ടയം പട്ടണത്തില്‍ കോട്ടയം രൂപതയുടെ മെത്രാനായിരുന്ന മാര്‍ തോമസ് തറയില്‍ വനിതകളുടെ വിദ്യാഭ്യാസവും ശക്തീകരണവും ലക്ഷ്യമാക്കി സ്ഥാപിച്ച ബിസിഎം കോളജ് 70 വര്‍ഷങ്ങള്‍ക്കിപ്പുറം 15 ഡിഗ്രി പ്രോഗ്രാമുകളും എട്ട് പിജി പ്രോഗ്രാമുകളും രണ്ടു റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റുകളുമായി നാക് അക്രെഡിറ്റേഷനില്‍ 3.46 സിജിപിഎയോടു കൂടി എ പ്ലസ് ഗ്രേഡിലുള്ള കലാലയമായി മാറി.