പരിശുദ്ധ കന്യാമറിയം സമൂഹനന്മയ്ക്കായി മെഴുകുതിരിയായവള്: കുര്യാക്കോസ് മാര്‍ ഈവാനിയോസ്
1588976
Wednesday, September 3, 2025 7:15 AM IST
മണര്‍കാട്: സമൂഹനന്മയ്ക്കായി മെഴുകുതിരിപോലെ കത്തിത്തീരാന്‍ തയാറായവളായിരുന്നു പരിശുദ്ധ ദൈവമാതാവെന്ന് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ഈവാനിയോസ്.
എട്ടുനോമ്പ് ആചരണത്തിലൂടെ വിശ്വാസികള്‍ പരിശുദ്ധ കന്യാമറിയത്തെപ്പോലെ കത്തിയെരിയുന്ന മെഴുകുതിരിയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാം ദിനമായ ഇന്നലെ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കുശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും ഇന്ന്
എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള മെറിറ്റ് ഡേയും ഇടവകയിലെ മുതിര്‍ന്ന വയോജനങ്ങളെ ആദരിക്കലും ഇന്നു നടക്കും. വൈകുന്നേരം ആറിന് യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
മൈലാപ്പൂര്, ബംഗളൂരു, യുകെ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. ഇടവകയിലെ 80 വയസ് കഴിഞ്ഞ വയോധികരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആദരിക്കും.
ഉന്നത ബഹുമതികള്‍ ലഭിച്ച ഇടവകാംഗങ്ങള്‍, കഴിഞ്ഞ അധ്യയന വര്‍ഷം ഉന്നതവിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളായ വിദ്യാര്‍ഥികള്‍, പള്ളിവക സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിക്കും. കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ് സഖറിയ ചെമ്പോല സ്വാഗതവും കത്തീഡ്രല്‍ ട്രസ്റ്റി സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പില്‍ കൃതജ്ഞതയും പറയും.
നേര്ച്ചക്കഞ്ഞിയില് പങ്കുചേര്‍ന്ന് വിശ്വാസികള്‍
എട്ടുനോമ്പിനോടനുബന്ധിച്ച് കത്തീഡ്രലിന്റെ ചെറിയ പാരീഷ് ഹാളില്‍ ക്രമീകരിച്ചിരിക്കുന്ന നേര്ച്ചക്കഞ്ഞിയില് പങ്കുചേരാന്‍ വിശ്വാസികളുടെ തിരക്ക്. ഏഴിന് അര്‍ധരാത്രി വരെയാണ് നേര്‍ച്ച ക്കഞ്ഞി വിതരണം. എല്ലാ ദിവസവും കത്തീഡ്രലിലെ കുര്‍ബാനയ്ക്കുശേഷം 10.30ന് നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും.
വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് ആറിനാണ് വൈകുന്നേരത്തെ കഞ്ഞിവിതരണം ആരംഭിക്കുന്നത്. രാത്രി 11 വരെയാണ് കഞ്ഞിവിതരണം.
ചെറുപയര്‍, അച്ചാര്‍, ചമ്മന്തിപ്പൊടി എന്നിവയോടൊപ്പം ചൂട് കഞ്ഞിയാണ് വിശ്വാസികള്‍ക്കായി നല്‍കുന്നത്. അഞ്ചു ടണ്ണിലധികം അരിയാണ് പ്രതിദിനം കഞ്ഞി തയാറാക്കാന്‍ എടുക്കുന്നതെന്നും തങ്ങള്‍ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായി നിരവധി വിശ്വാസികളാണ് നേര്‍ച്ചക്കഞ്ഞി സ്പോണ്സര് ചെയ്യാനെത്തുന്നതെന്നും കത്തീഡ്രല്‍ ഭാരവാഹികള്‍ അറിയിച്ചു.
കത്തീഡ്രലിൽ ഇന്ന്
കരോട്ടെ പള്ളിയില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന - കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍.
രാവിലെ 11ന് പ്രസംഗം - പൗലോസ് മോര് ഐറേനിയോസ്. ഉച്ചയ്ക്ക് 12ന് മധ്യഹന പ്രാര്‍ഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം - ഫാ. അലക്സാണ്ടര്‍ പട്ടശേരി. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന. ആറിന് - മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും.