ഇതര സംസ്ഥാന തൊഴിലാളി കണക്കെടുപ്പ് നിലച്ചു ; കേരളത്തിൽ വന്നുപോകുന്നത് ലഹരിത്തൊഴിലാളികള്
1588775
Tuesday, September 2, 2025 11:23 PM IST
കോട്ടയം: കോട്ടയം ജില്ലയില്‍ എത്രയുണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാര്‍ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്റ്റേഷന് രജിസ്റ്ററില്‍ പേരും ഫോട്ടോയും വിലാസവുമുള്ള നല്ലൊരു ശതമാനം തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയിട്ട് കാലമേറെയായി.
നിലവില്‍ പുതിയ തൊഴിലാളികളെ എത്തിക്കുന്ന ഏറെ കാരാറുകാരും അവരുടെ സംരക്ഷണയിലുള്ള ഫോട്ടോ, തിരിച്ചറിയല്‍ രേഖകളൊന്നും സ്റ്റേഷനുകളില്‍ ഹാജാരാക്കാറില്ല. കേരളത്തില്‍ കാലങ്ങളായി ജോലി ചെയ്യുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ നാട്ടില്‍ പോയി വരുമ്പോള്‍ പരിചിതരും ബന്ധുക്കളും അയല്‍വാസികളുമായ ഒരു പറ്റെത്തെ കൂട്ടിക്കൊണ്ടുവരികയാണു പതിവ്. ഇവരെ എത്തിക്കുന്നതിന് കമ്മീഷനും ലഭിക്കാറുണ്ട്.
നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിയായ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും പോലീസ് ഇത് അന്വേഷിക്കുന്നുമില്ല. കരാറുകാരില്ലാതെ ജോലി അന്വേഷിച്ച് നേരിട്ടെത്തുന്ന ആയിരക്കണക്കിന് തൊഴിലാളികളുണ്ട്. ഇവര്‍ വിവിധ തൊഴിലിടങ്ങളില്‍ പോലീസിന്റെ അറിവില്ലാതെ ജോലി ചെയ്യുന്നുണ്ട്. ഇതിന്റെ മറവിലാണ് കഞ്ചാവും മയക്കുമരുന്നും വന്‍തോതില്‍ ജില്ലയിലെത്തുന്നത്.
ഒഡീഷ, ആസാം, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയില്‍ ദിവസേന ഇരുപത് കിലോ കഞ്ചാവ് എത്തുന്നുണ്ടെന്നാണ് എക്സൈസ് പറയുന്നത്. ഇവ എറണാകുളം, ഏറ്റുമാനൂര്‍, കോട്ടയം തുടങ്ങി വിവിധയിടങ്ങളില്‍ കൈമറിഞ്ഞാണ് ലഹരിമാഫിയയുടെ കൈകളില്‍ എത്തുന്നത്.
കഞ്ചാവ് നിശ്ചിത സ്ഥലത്ത് എത്തിച്ച് അന്നുതന്നെ നാട്ടിലേക്ക് മടങ്ങുന്ന മാഫിയ സംഘങ്ങളില്‍ സ്ത്രീകളും കണ്ണികളാണ്. ജില്ലയിലെ ലേബര്‍ ക്യാമ്പുകളില്‍ പോലീസും എക്സൈസും പരിശോധന നടത്തിയിട്ട് വര്‍ഷങ്ങളായി. കഞ്ചാവ് ഉപയോഗിക്കുന്നവരും വിപണനം നടത്തുന്നവരുമായ ഒട്ടേറെ തൊഴിലാളികള്‍ ജില്ലയിലുണ്ടെന്നാണ് സൂചന.
ഇക്കൊല്ലം മാത്രം ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളെന്ന് വ്യാജേനയെത്തിയ 12 പേരെയാണ് കഞ്ചാവ് കടത്തിന് അറസ്റ്റ് ചെയ്തത്. മാമ്മൂട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയതും ഇക്കൊല്ലമാണ്. കഴിഞ്ഞ ഏപ്രിലില്‍ ഒഡിഷ സ്വദേശിയായ ഇതരസംസ്ഥാന തൊഴിലാളിയെ 6.1 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
വീട്ടില്‍ പോയി മടങ്ങിവരുന്ന തൊഴിലാളികളില്‍ ചിലര്‍ ട്രെയിനിലാണ് കഞ്ചാവ് കൊണ്ടുവരുന്നത്. എറണാകുളം ജില്ലയില്‍നിന്നു വടക്കേ ഇന്ത്യയിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ വഴിയും ലഹരി വസ്തുക്കള്‍ എത്തുന്നതായി എക്സൈസ് പറയുന്നു.
കഞ്ചാവിനു പുറമെ രാസലഹരികളായ എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍, ഹഷീഷ് ഓയില്‍ എന്നിവ ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കല്‍ ഏല്‍പ്പിക്കുന്ന സംഘങ്ങളുണ്ട്. മയക്കുമരുന്ന് കാരിയര്‍മാര്‍ക്ക് യാത്ര സൗജന്യമാണ്. ട്രെയിനുകളില്‍ പരിശോധന കര്‍ശനമായതോടെയാണ് ടൂറിസ്റ്റ് ബസുകള്‍ ലഹരി കടത്തിന് ഉപയോഗിച്ചു തുടങ്ങിയതെന്ന് പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ഞായര്‍ മാര്‍ക്കറ്റുകളിലും കഞ്ചാവ് വില്പന വ്യാപകമാണ്.