ഓണക്കച്ചവടം പൊടിപൊടിക്കുന്നു; എങ്ങും ആഘോഷ മേളങ്ങൾ
1588743
Tuesday, September 2, 2025 11:23 PM IST
കാഞ്ഞിരപ്പള്ളി: ഓണം പടിവാതിൽക്കൽ എത്തിയതോടെ ടൗണിൽ ഓണവിപണി സജീവമായി. ഓണക്കോടിയെടുക്കാനും സാധനങ്ങള്‍ വാങ്ങാനും ആളുകളുടെ തിരക്കേറി. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളിലും വസ്ത്രവ്യാപാര ശാലകളിലും നല്ല തിരക്കാണ്. ഡിസ്കൗണ്ട് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്.
വില കുതിച്ചിട്ടും ഉപ്പേരി
ഓണവിപണിയിൽ ഇത്തവണയും താരം ഉപ്പേരി തന്നെ. വെളിച്ചെണ്ണ വില ഉയർന്നതോടെ ഉപ്പേരിക്ക് ഇക്കുറി വില കൂടി. 440 രൂപയാണ് ഉപ്പേരി വില. വിലയിൽ കൂടിയെങ്കിലും കച്ചവടം കുറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം 380 രൂപയുണ്ടായിരുന്ന ഉപ്പേരിയുടെയും ശർക്കരവരട്ടിയുടെയും വില ഇത്തവണ 440ലെത്തി. വെളിച്ചെണ്ണയുടെ വിലയിൽ കുത്തനേയുണ്ടായ വർധനയാണ് ഉപ്പേരി വിലയിലും കാര്യമായി പ്രതിഫലിച്ചത്. 200 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില ഇത്തവണ 460 രൂപയായാണ് ഉയർന്നത്.
ഏത്തയ്ക്ക വിലയിൽ മാത്രമാണ് അല്പം ആശ്വാസം. 45 രൂപയാണ് പച്ച ഏത്തയ്ക്കാക്ക് കിലോയ്ക്ക് വില. പാലക്കാടിനു പുറമേ മേട്ടുപ്പാളയത്തുനിന്നു കൂടിയാണ് ഉപ്പേരിക്കായുള്ള എത്തയ്ക്ക കൂടുതലായും എത്തുന്നത്. ഉപ്പേരിക്കും ശർക്കരവരട്ടിക്കും വില ഉയർന്നിട്ടുണ്ടെങ്കിലും കച്ചവടത്തെ ബാധിച്ചിട്ടില്ല. പാമോയിലിനേക്കാൾ രുചി കൂടുതലാണ് എന്നതിനാൽ ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ഉപ്പേരിക്കാണ് എല്ലാ വർഷവും ഡിമാൻഡ്. ആവശ്യക്കാരുടെ മുന്നിൽ ഉടൻ വറത്തു നൽകുന്ന കടകളിലാണ് ഓണത്തോടടുക്കുമ്പോൾ ഉപ്പേരിക്കും ശർക്കരവരട്ടിക്കും തിരക്ക്.
ജമന്തി 500,
വാടാമുല്ല 350
ഓണമെത്തിയതോടെ പൂവിപണിയിൽ തകർപ്പൻ കച്ചവടം. അത്തപ്പൂക്കളം ഒരുക്കാനും മറ്റുമായി പൂക്കള്‍ക്കു നല്ല ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്നു കച്ചവടക്കാര്‍ പറയുന്നു. ബന്ദി, ജമന്തി, വാടാമുല്ല, അരളി തുടങ്ങിയവയാണ് പ്രധാന പൂക്കള്‍.
ജമന്തി-500 (ഒരു കിലോ), ബന്ദി - 220 (ഒരു കിലോ), വാടാമുല്ല - 350, മുല്ല - 150 (ഒരു മീറ്റർ), അരളി - 500, വെള്ള ജമന്തി-700, റെഡ് റോസ് - 600, പിങ്ക് റോസ് - 400, താമര പൂവ് - 50 (ഒരണ്ണം), പച്ചയില - 120 എന്നിങ്ങനെയാണ് പൂക്കളുടെ വില. തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് പൂക്കള്‍ എത്തുന്നത്.
ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പൂക്കളുടെ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.