വില്ലേജ് ഓഫീസിലെ മോഷണം: പ്രതി പിടിയിൽ
1588592
Tuesday, September 2, 2025 2:43 AM IST
ഏറ്റുമാനൂർ: അതിരമ്പുഴ വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. അതിരമ്പുഴ കോട്ടമുറി അമൃതപറമ്പിൽ രതീഷിനെ (45)യാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് വൈകുന്നേരം ആറിന് അടച്ച വില്ലേജ് ഓഫീസ് 25നു രാവിലെ 9.45ന് തുറക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിന്റെ മുൻവാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ പ്രതി ഓഫീസിലെ രണ്ടു മേശകളിൽ നിന്നായി 2650 രൂപ മോഷ്ടിച്ചു.
ഏറ്റുമാനൂർ പോലീസ് നടത്തിയ തെരച്ചിലിൽ പേരൂർ പള്ളിക്കൂടം ഭാഗത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരേ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ അഞ്ചു കേസുകളുണ്ട്. കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, കണ്ണൂർ ജില്ലയിൽ തലശേരി, കോഴിക്കോട് ജില്ലയിൽ വളയം, എറണാകുളം ജില്ലയിൽ മുളന്തുരുത്തി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.